IndiaNEWS

വീണ്ടും ഹിജാബ് കോടതി കയറുന്നു; ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അ‌നുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥിനികൾ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ഒരിടവേളയ്ക്കുശേഷം ഹിജാബ് വിഷയം വീണ്ടും കോടതിയുടെ പരിഗണനയിൽ. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിൽനിന്നുള്ള വിദ്യാർഥിനികൾ സുപ്രീം കോടതിയെ സമീപിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കർണാടക ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നേരത്തെ അപ്പീൽ പരിഗണിച്ച രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദ്യാർഥിനികൾ വീണ്ടും കോടതിയെ സമീപിച്ചത്.
വാർഷിക പരീക്ഷ മാർച്ച് ഒൻപതിനു തുടങ്ങുകയാണെന്നും ഹിജാബ് ധരിച്ച് പ്രവേശനം അനുവദിക്കുന്നില്ലെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. കോളജുകളിൽ ഹിജാബ് നിരോധിച്ചതോടെ പലരും സ്വകാര്യ സ്ഥാപനങ്ങളിലേക്കു മാറി. എന്നാൽ പരീക്ഷ എഴുതാൻ വീണ്ടും കോളജുകളിൽ എത്തേണ്ടതുണ്ട്. അതിനാൽ ഒരു വർഷത്തെ അ‌ധ്യയനം നഷ്ടമാവാതിരിക്കാൻ കോടതി വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് വിദ്യാർഥിനികളുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് കോടതി അറിയിച്ചു.

Back to top button
error: