ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത പരിഗണിച്ച് വോട്ട് ചെയ്യുന്നത് കേരളത്തിൽ മാത്രമെന്നു സുപ്രീം കോടതി നീരീക്ഷണം. 2017ല്‍ യു.പി നിയമസഭയിലേക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേ ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം. രാജ്യത്ത് ആരും സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത നോക്കാറില്ലെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് അഭിപ്രായപ്പെട്ടപ്പോള്‍, ഒരു പക്ഷേ കേരളത്തിലൊഴികേ എന്ന് ജസ്റ്റിസ് നാഗരത്‌ന കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
നാമനിര്‍ദേശ പത്രികയില്‍ ഹര്‍ഷ് വര്‍ധന്‍ ബാജ്‌പേയി വിദ്യാഭ്യാസ യോഗ്യതയും സ്വത്തുക്കളും തെറ്റായി നല്‍കിയെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ അനുഗ്രഹ് നാരായണ്‍ സിങാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. ഹര്‍ഷ് വര്‍ധന്റെ കാലാവധി നേരത്തേ കഴിഞ്ഞതിനാല്‍ ഹൈദരാബാദ് ഹൈക്കോടതി ഈ ഹർജി സെപ്റ്റംബറില്‍ തള്ളിയിരുന്നു. തുടർന്നാണ് ഹർജി സുപ്രീം കോടതിയിലെത്തിയത്.
അഴിമതിയാരോപണങ്ങള്‍ പ്രതിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ ആരോപണങ്ങള്‍ അഴിമതിക്ക് നിരക്കുന്നതല്ലെന്നും അഴിമതി നടത്തിയതായി തെളിയിക്കപ്പെട്ടില്ലെന്നും പറഞ്ഞാണ് ഹൈദരാബാദ് ഹൈക്കോടതി ഹരജി തള്ളിയത്. പിന്നാലെയാണ് നാരായണ്‍ സിങ് സുപ്രീം കോടതിയെ സമീപിച്ചത്. ഇംഗ്ലണ്ടിലെ സെഫേഡ് സര്‍വകലാശാലയില്‍ നിന്ന് ബി.ടെക് ബിരുദമുണ്ടെന്നാണ് 2017ലെ പത്രികയില്‍ ഹര്‍ഷ് വര്‍ധന്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഇങ്ങനെയൊരു സര്‍വകലാശാലയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാരായണ്‍ സിങ് ഹർജി നല്‍കിയത്.
2007ലെയും 2012ലെയും തെരഞ്ഞെടുപ്പില്‍ ഇംഗ്ലണ്ടിലെ ഷെഫീല്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബി.ടെക് ഉണ്ടെന്നും 2006ല്‍ ദല്‍ഹി സര്‍വകലാശാലയില്‍ എം.ബി.എ ഉണ്ടെന്നും ഹര്‍ഷ് വര്‍ധന്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷങ്ങള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും എം.ബി.എയുടെയും ബി.ടെകിന്റെയും കാലഘട്ടം ഒന്നാണെന്നും ഹർജിയില്‍ പറയുന്നു.