Fiction

ദു:ഖങ്ങളെ മറികടക്കാന്‍ യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയണം

വെളിച്ചം

ഒരിക്കല്‍ ഒരു യുവാവ് ബുദ്ധനെ കാണാന്‍ വന്നു. സ്വന്തം ദുഃഖങ്ങളെ എങ്ങിനെ മറികടക്കാന്‍ കഴിയും എന്ന ചോദ്യവുമായാണ് അയാള്‍ എത്തിയത്.

Signature-ad

ബുദ്ധന്‍ ചില മറുചോദ്യങ്ങള്‍ ചോദിച്ചു:
“നിങ്ങള്‍ക്ക് ഒരു മകനുണ്ടോ ? നിങ്ങളുടെ സഹോദരന് ഒരു മകനുണ്ടോ? നിങ്ങളുടെ അടുത്ത സുഹൃത്തിന് ഒരു മകനുണ്ടോ…?”

യുവാവിൻ്റെ ഉൾത്തടങ്ങളെ പിടിച്ചുലയ്ക്കുന്ന മട്ടിലായിരുന്നു ചോദ്യങ്ങള്‍:
“നിങ്ങളുടെ നാട്ടില്‍ ഏതൊ ഒരാള്‍ക്കും ഒരു മകനുണ്ടായിരിക്കും… അല്ലേ?”
അയാള്‍ അതെയെന്ന് മെല്ലെ തലയാട്ടി. ബുദ്ധന്‍ ചോദ്യം തുടര്‍ന്നു:
“നിങ്ങളുടെ മകന്‍ മരിച്ചുപോയാല്‍ നിങ്ങള്‍ക്ക് എന്ത് തോന്നും…?”‘ ചെറുപ്പക്കാരന് ശ്വാസം മുട്ടുന്നത് പോലെ തോന്നി. അയാള്‍ പറഞ്ഞു:
“അങ്ങെന്താണ് പറയുന്നത്, ഞാന്‍ ജീവിക്കുന്നത് തന്നെ എന്റെ മകന് വേണ്ടിയാണ്… അവന് എന്തെങ്കിലും സംഭിച്ചാല്‍ ഞാന്‍ തകര്‍ന്നുപോകും…” ബുദ്ധന്‍ ചോദ്യം തുടർന്നു:
“മരിച്ചത് നിങ്ങളുടെ സഹോദരന്റെ മകനാണെങ്കിലോ, വിഷമമുണ്ടാകുമോ…?” “എന്റെ മകന്‍ ഇല്ലാതായാല്‍ തോന്നുന്ന അത്രയും ഇല്ലെങ്കിലും എനിക്ക് നല്ല സങ്കടം ഉണ്ടാകും.”
“ശരി, നിങ്ങളുടെ സുഹൃത്തിന്റെ മകന്‍ മരിച്ചാലോ…?” ബുദ്ധന്‍ തുടര്‍ന്നു.
“എന്റെ സഹോദരന്റെ മകന്‍ മരിച്ചാല്‍ ഉണ്ടാകുന്ന അത്രയും ദുഃഖം ഉണ്ടാകില്ല.” “നിങ്ങളുടെ നാട്ടിലെ ഒരാളുടെ മകന്‍ മരിച്ചാലോ?”
“ഏയ് ഇല്ല, എനിക്ക് സങ്കടമുണ്ടാകില്ല…” അയാളുടെ ഉത്തരവും പെട്ടെന്നായിരുന്നു. ബുദ്ധന്‍ അയാളുടെ കണ്ണുകളിലേക്കു നോക്കി:
“നിങ്ങളുടെ ദുഃഖങ്ങള്‍ ഏതറ്റം വരെയാണ് നിങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നത്…?”
ഒരു നിമിഷത്തെ മൗനത്തിന് ശേഷം അയാള്‍ പറഞ്ഞു:
“എന്റെ ദുഃഖത്തിന്റെ തീവ്രത ഞാന്‍ മുറുകെ പിടിക്കുന്നവരുമായി ബന്ധപ്പെട്ടവരുമായി ബന്ധപ്പെട്ട് കിടക്കുന്നു.”
“വളരെ ശരിയാണ്. ഞാന്‍ ഒരു കാര്യം കൂടി ചോദിച്ചട്ടെ?”ബുദ്ധന്‍ തുടർന്നു:
“നിങ്ങളുടെ മകന്‍ കടല്‍തീരത്ത് മണ്‍വീടുകള്‍ ഉണ്ടാക്കാറുണ്ടോ? തിരമാലയില്‍ ആ വീടുകള്‍ തകരുമ്പോള്‍ അവന്‍ സങ്കടപ്പെടാറുണ്ടോ…?”
അയാള്‍ ഉവ്വെന്ന് പറഞ്ഞു.
“ആ മണ്‍വീട് തകരുമ്പോള്‍ നിങ്ങള്‍ക്ക് സങ്കടം തോന്നാറുണ്ടോ?”
“ഏയ് അത് കടലെടുത്ത് പോകുമെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ അതുകാണുമ്പോള്‍ എനിക്ക് യാതൊരു സങ്കടവും തോന്നാറില്ല.”
ബുദ്ധന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു: “നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇപ്പോള്‍ കിട്ടിയിട്ടുണ്ടാകും എന്ന് കരുതുന്നു ആ മണല്‍കൂടാരം തകര്‍ന്നപ്പോള്‍ സങ്കടപ്പെട്ട കുട്ടിയുടെ മനസ്സാണ് നമ്മളില്‍ പലര്‍ക്കും. നമുക്കുള്ളതെല്ലാം എന്നും ഇവിടെ നിലനില്‍ക്കും എന്ന് നാം വിശ്വസിക്കുന്നു. ആ വിശ്വാസത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുന്നതോടെ സങ്കടങ്ങളെ നമുക്ക് മറികടക്കാന്‍ സാധിക്കുക തന്നെ ചെയ്യും.”

ആഹ്ലാദപൂർണമായ ഒരു ദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ

ചിത്രം: നിപു കുമാർ

Back to top button
error: