കൊച്ചി: കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട കുട്ടിയുടെ ദത്ത് നടപടികള്‍ ശിശുക്ഷേമ സമിതി താത്കാലികമായി നിര്‍ത്തിവെച്ചു. കുട്ടി സമിതിയുടെ സംരക്ഷണയില്‍ തന്നെ തുടരുമെന്ന് ചെയര്‍മാന്‍ കെ കെ ഷാജു വ്യക്തമാക്കി. കുട്ടിയെ നിലവില്‍ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് മാതാപിതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
മാതാപിതാക്കളുടെ അന്തിമതീരുമാനം അറിഞ്ഞശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. അതിനിടെ, കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. കേസില്‍ അറസ്റ്റിലായ മെഡിക്കല്‍ കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എ. അനില്‍കുമാറിന്റെ കയ്യക്ഷരം, ഒപ്പ് എന്നിവയുള്‍പ്പെടെ ശേഖരിച്ചു ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. വ്യാജരേഖകള്‍ തയാറാക്കാന്‍ പ്രതിക്കു മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ട്.
മുഴുവന്‍ പ്രതികളെയും കണ്ടെത്താനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണം. സാമ്പത്തികനേട്ടം ഉണ്ടാക്കുന്നതിനുവേണ്ടിയാണ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും അനില്‍കുമാര്‍ കുറ്റം സമ്മതിച്ചതായും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് മധുരയിലെ ഒളിയിടത്തിൽ നിന്ന് അനിൽകുമാറിനെ അറസ്റ്റ് ചെയ്തത്.