NEWSWorld

കറാച്ചി പോലീസ് ആസ്ഥാനത്ത് ഭീകരാക്രമണം; രാത്രി വൈകിയും ഏറ്റുമുട്ടല്‍ തുടരുന്നു

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്ഥാനെ ഞെട്ടിച്ച് കറാച്ചിയിലെ ഭീകരാക്രമണം. കറാച്ചിയിലെ പോലീസ് ആസ്ഥാനത്താണ് തീവ്രവാദികളുടെ സംഘം ആക്രമണം നടത്തിയത്. പാകിസ്ഥാന്‍ സമയം വൈകിട്ട് ഏഴ് മണിയോടെ ഷെരിയാ ഫൈസല്‍ റോഡിലുള്ള കറാച്ചി പോലീസ് ആസ്ഥാനത്തേക്ക് ഇരച്ച് കയറിയ ഭീകരര്‍, ഗ്രനേഡാക്രമണം നടത്തുകയും തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസിന്റെ യൂണിഫോം ധരിച്ചാണ് ഭീകരര്‍ എത്തിയതെന്നാണ് വിവരം.

പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് നടത്തിയ പ്രത്യോക്രമണത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വെടിയേറ്റിട്ടുണ്ട്. ആറ് തീവ്രവാദികളെങ്കിലും കെട്ടിട്ടത്തിനുള്ളില്‍ ഇപ്പോഴും ഉണ്ടെന്നാണ് കരുതുന്നത്. അഞ്ച് നില കെട്ടിട്ടം കറാച്ചി പോലീസും പാകിസ്ഥാന്‍ റേഞ്ചേഴ്‌സും സൈനിക കമാന്‍ഡോകളും ചേര്‍ന്ന് വളഞ്ഞിരിക്കുകയാണ്.

Signature-ad

താഴത്തെ നാല് നിലകള്‍ ഒഴിപ്പിച്ചു കഴിഞ്ഞു. കെട്ടിട്ടത്തിന് അകത്ത് നിന്നും ഇപ്പോഴും സ്‌ഫോടന ശബ്ദങ്ങളും വെടിയൊച്ചകളും കേള്‍ക്കുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ താലിബാന്‍ ഏറ്റെടുത്തതായും സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്. പത്തു പേരടങ്ങിയ തീവ്രവാദി സംഘമാണ് കെട്ടിട്ടത്തിന് അകത്തേക്ക് പ്രവേശിച്ചതെന്നാണ് നിഗമനം. സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ ബന്ധപ്പെട്ട ഡി.ഐ.ജിമാരോട് അവരുടെ സോണുകളില്‍നിന്ന് ഉദ്യോഗസ്ഥരെ അയയ്ക്കാന്‍ നിര്‍ദേശം നല്‍കി.

Back to top button
error: