ആലപ്പുഴ: ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഹരിപ്പാട് മാധവ ജംഗ്ഷനിലെ സിഗ്നലിന് സമീപമാണ് സംഭവം. കരുവാറ്റ സ്വദേശി അക്ഷയ് ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്.
പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയപ്പോഴാണ് തീ കണ്ടത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു.
നേരത്തേ കണ്ണൂരിലും എറണാകുളത്തും കാറുകൾക്ക് തീപിടിച്ച സംഭവമുണ്ടായിരുന്നു. കാറിനുള്ളിലെ എക്‌സട്രാ ഫിറ്റിംഗ്‌സിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് കണ്ണൂരിൽ ഗർഭിണിയും ഭർത്താവും മരിക്കാനിടയായ അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിൽ റിവേഴ്‌സ് ക്യാമറയടക്കം എക്‌സ്ട്രാ ഫിറ്റിംഗ് ആയി നൽകിയിരുന്നു. ഇതിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് കരുതുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. കാർ കമ്പനി ഉദ്യോഗസ്ഥരും മോട്ടോ വാഹനവകുപ്പും അപകടസ്ഥലത്ത് സംയുക്ത പരിശോധന നടത്തും.
കുറ്റിയാട്ടൂർ കാര്യാർമ്പ് സ്വദേശി റീഷ (24), ഭർത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. പ്രസവവേദനയെ തുടർന്ന് ആശുപത്രിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ആശുപത്രിയിലേക്കെത്താൻ ഏതാണ്ട് നൂറുമീറ്റർ മാത്രം ബാക്കി നിൽക്കെയാണ് അപകടം. പൂർണ ഗർഭിണിയായ സ്ത്രീയും ഭർത്താവും മൂന്ന് ബന്ധുക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. ഭർത്താവും ഭാര്യയും വാഹനത്തിന്റെ മുൻസീറ്റിലും ബന്ധുക്കൾ വാഹനത്തിന്റെ പിൻസീറ്റിലായിരുന്നു ഇരുന്നത്.
അപകടമുണ്ടായപ്പോൾ കാറിന്റെ പിൻസീറ്റിലിരുന്ന ആളുകളെ പെട്ടെന്ന് തന്നെ രക്ഷപ്പെടുത്തി. എന്നാൽ തീ പടർന്നതോടെ കാറിന്റെ മുൻ ഡോറുകൾ ലോക്കായി പോവുകയായിരുന്നു. പിന്നീട് ഫയർഫോഴ്സ് എത്തി ഇരുവരേയും പുറത്തെടുത്തപ്പോഴേക്കും ഇവർ മരിച്ചു.