KeralaNEWS

രണ്ടുപേരെ കടിച്ചു കൊന്ന കടുവയെ  മയക്കുവെടിവച്ചു പിടികൂടി വനപാലകർ

തോൽപ്പെട്ടി: കേരള – കര്‍ണാടക അതിര്‍ത്തി പ്രദേശമായ കുട്ടത്ത് രണ്ടുപേരെ കടിച്ചു കൊന്ന നരഭോജിയായ കടുവയെ മണിക്കൂറുകൾക്കുള്ളിൽ മയക്കുവെടിവച്ചു പിടികൂടി വനപാലകർ. 10 വയസ് തോന്നിക്കുന്ന കടുവയെ വിദഗ്ധ പരിശോധനയ്ക്കായി മൈസുരു കൂര്‍ഗള്ളിയിലേക്കു കൊണ്ടുപോയിട്ടുണ്ട്.

കുട്ട ചൂരിക്കാട് കാപ്പി തോട്ടത്തില്‍ ബന്ധുക്കളായ ചേതന്‍ (18) , രാജു (65) എന്നിവരെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കടുവ കൊലപ്പെടുത്തിയത്. ഇന്നലെ മുതല്‍ കാപ്പിത്തോട്ടത്തിന്റെ പരിസരത്ത് വനംവകുപ്പ് കോമ്പിംഗ് ഓപ്പറേഷന്‍ നടത്തിയാണ് കടുവയെ പിടികൂടിയത്. ഇരുവരെയും കൊലപ്പെടുത്തിയതിന് അല്‍പ്പം അകലെ നാനാച്ചി ഗേറ്റിന് സമീപത്ത് വെച്ചാണ് കടുവയെ പിടികൂടിയത്.

രണ്ട് പേരുടെ ജീവന്‍ അപഹരിച്ചതിന് പിന്നാലെ പ്രദേശവാസികള്‍ക്കിടയില്‍ ഭീതിയുടെ അന്തരീക്ഷമായിരുന്നു. രണ്ടാമതൊരാളുടെ ജീവന്‍ കടുവ അപഹരിച്ചതിനെ തുടർന്ന് നാട്ടുകാര്‍ വനംവകുപ്പിനെതിരെ ശക്തമായ രോഷം പ്രകടിപ്പിച്ചിരുന്നു. ഇന്നലെ മാനന്തവാടി ഗോണിക്കുപ്പ അന്തര്‍ സംസ്ഥാന പാത നാട്ടുകാര്‍ ഉപരോധിച്ചിരുന്നു. ഓപ്പറേഷനുമായി മുന്നിട്ടിറങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു. ഇന്നലെ രാവിലെ കോമ്പിംഗ് ഓപ്പറേഷന്‍ ആരംഭിച്ച വനംവകുപ്പ് ഷാര്‍പ്പ് ഷൂട്ടര്‍മാരും ഡോക്ടര്‍മാരും നൂറിലധികം വനപാലകരും അടങ്ങുന്ന എട്ട് ടീമുകളെ രൂപീകരിച്ച് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഉച്ചക്ക് 2 മണിയോടെയാണ് ഓപ്പറേഷന്‍ പൂര്‍ത്തിയായത്.

Back to top button
error: