IndiaNEWS

ഇന്ത്യയിൽ എല്ലാവരും വിശ്വാസികളാണ്, അവരെ എങ്ങനെ കാഫിർ എന്നു വിളിക്കും; മറ്റു മതക്കാരെ കാഫിർ എന്നു വിളിക്കരുതെന്ന് മുസ്ലിം നേതാക്കളോട് ആവശ്യപ്പെട്ടെന്ന് ആർ.എസ്.എസ്. നേതാവ്

കൊച്ചി: മറ്റു മതങ്ങളിൽ പെട്ടവരെ കാഫിർ എന്നു വിശേഷിപ്പിക്കരുതെന്ന് മുസ്ലിം മത നേതാക്കളുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടതായി ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ലവ് ജിഹാദ്, ഗോഹത്യ ഉൾപ്പെടെ ഒട്ടേറെ വിഷയങ്ങൾ ചർച്ചയിൽ ഉന്നയിച്ചതായി ആർഎസ്എസ് ദേശീയ നിർവാഹക സമിതി അംഗമായ ഇന്ദ്രേഷ് കുമാർ ദേശീയ മാധ്യമത്തോടു പറഞ്ഞു. ജനുവരി 14ന് ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകളുമായി ആർഎസ്എസ് നടത്തിയ ചർച്ചയിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
ഇന്ത്യയിൽ എല്ലാവരും വിശ്വാസികളാണ്. അപ്പോൾ പിന്നെ അവരെ എങ്ങനെ കാഫിർ (അവിശ്വാസി) എന്നു വിളിക്കും? ലോകം മുഴുവൻ വിശ്വാസികളാണെന്ന് ഇന്ദ്രേഷ് കുമാർ പറഞ്ഞു. ബോംബുമായി നടക്കുന്നവരെ എങ്ങനെ മനുഷ്യരായി കാണും എന്നതാണ് ചർച്ചയിൽ ഉന്നയിച്ച മറ്റൊരു കാര്യം. അങ്ങനെയുള്ളവരെ ഭീകരർ ആയി തന്നെ കാണണം. അവരെ അപലപിക്കണം. മറ്റു മതങ്ങളെയും ബഹുമാനിക്കണം എന്ന് ചർച്ചയിൽ മുസ്ലിം സംഘടനകളോട് ആവശ്യപ്പെട്ടതായി ഇന്ദ്രേഷ് കുമാർ പറഞ്ഞു. ലവ് ജിഹാദോ മറ്റ് ഏതെങ്കിലും മാർഗത്തിലോ മതംമാറ്റ പ്രവർത്തനത്തിൽ ഏർപ്പെടരുത്. എല്ലാ മതങ്ങളെയും ആദരിക്കുകയെന്നതാണ് ഇന്ത്യൻ രീതി. ഭാരത് മാതാ കി ജയ് എന്നു പറയുന്നതിൽ ഇത്ര പ്രശ്‌നമെന്താണ്? മുസ്ലിം സംഘടനകൾ അതിനെ എതിർക്കുന്നത് എന്തിനാണ്? – ഇന്ദ്രേഷ് കുമാർ ചോദിച്ചു.
ഗോഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയിൽ വന്നു. പശുവിനെ കൊല്ലാം എന്ന് ഖുറാനിൽ എവിടെയും പറയുന്നില്ലെന്ന് മുസ്ലിം നേതാക്കൾ തന്നെ സമ്മതിച്ചു. പാലും നെയ്യും മനുഷ്യന്റെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും പ്രതീകങ്ങളാണ് എന്നാണ് മുഹമ്മദ് നബി പറഞ്ഞത്. അതുകൊണ്ടുതന്നെ പശുമാംസം ഭക്ഷിക്കുന്നത് ഒഴിവാക്കേണ്ടതാണ്. മുസ്ലിംകൾ മറ്റു മതങ്ങളുടെ വികാരങ്ങൾ മാനിക്കണം. ഹിന്ദുക്കളെ സംബന്ധിച്ച് പശു അമ്മയെപ്പോലെയാണ്. അപ്പോൾ പിന്നെ അവരുടെ വികാരത്തെ ഹനിക്കുന്നത് എന്തിനെന്നും ഇന്ദ്രേഷ് കുമാർ ചോദിച്ചു.

Back to top button
error: