NEWSWorld

ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്ക; ബി.ബി.സിയിലെ ആദായ നികുതി റെയ്ഡിനെക്കുറിച്ച് ലോക മാധ്യമങ്ങൾ

ന്യൂഡല്‍ഹി: ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളിലെ ആദയനികുതി റെയ്ഡ് സംബന്ധിച്ച വാർത്തകൾക്ക് വലിയ പ്രാധാന്യം നൽകി ലോക മാധ്യമങ്ങൾ. അല്‍ ജസീറ, വാഷിങ്ടണ്‍ പോസ്റ്റ്, റോയിട്ടേഴ്‌സ്, ദി ഗാര്‍ഡിയന്‍, സി.എന്‍.എന്‍, ഫോര്‍ബ്‌സ് തുടങ്ങിയ മാധ്യമങ്ങളെല്ലാം ബി.ബി.സിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകളില്‍ ആദായനികുതി റെയ്ഡ് നടത്തുന്നത് പ്രധാന വാര്‍ത്തയാക്കി. ഗുജറാത്ത് കലാപം, നരേന്ദ്ര മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ എന്നിവ വിഷയമാക്കി ബി.ബി.സിയുടെ ഡോക്യുമെന്ററി പുറത്തിറക്കിയതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടയിലാണ് ഈ റെയ്ഡ് നടക്കുന്നതെന്ന് ലോക മാധ്യമളുടെ വാര്‍ത്തകളില്‍ പറയുന്നു.

ഇന്ത്യയിലെ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്കകളുണ്ടാക്കുന്ന നടപടിയാണിതെന്ന് ഫോര്‍ബ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററി ഇറങ്ങി ആഴ്ചകള്‍ക്ക് ശേഷം ഇന്ത്യയിലെ ആദായനികുതി ഉദ്യോഗസ്ഥര്‍ ബി.ബി.സി ഓഫീസുകള്‍ റെയ്ഡ് ചെയ്യുന്നതെന്ന് റോയിട്ടേഴ്‌സ് പറയുന്നു.

Signature-ad

ബി.ബി.സി ഓഫീസുകളില്‍ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ സര്‍വെയില്‍ തങ്ങള്‍ക്ക് അതീവ ഉത്കണ്ഠയുണ്ടെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും പ്രതികരിച്ചു. സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് മാധ്യമങ്ങളെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും ശ്രമിക്കുന്ന പ്രവണതയുടെ തുടര്‍ച്ചയാണിതെന്നും എഡിറ്റേഴ്സ് ഗില്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ആദായനികുതി അധികാരികളോട് തങ്ങള്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും ഈ സാഹചര്യം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബി.ബി.സി ട്വീറ്റ് ചെയ്തു. എന്നാല്‍, ബി.ബി.സി ഓഫിസുകളില്‍ റെയ്ഡ് അല്ല, സര്‍വേയാണ് നടത്തിയതെന്നാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം.

Back to top button
error: