തിരുവനന്തപുരം: വഴിതടഞ്ഞുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയില്‍ പ്രതിഷേധം അറിയിച്ച് യുഡിഎഫ് നേതാക്കള്‍. പേടിയുണ്ടെങ്കില്‍ മുഖ്യമന്ത്രി വീട്ടിലിരിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. എന്തിന് ജനങ്ങളെ ബന്ധിയാക്കി റോഡിലിറങ്ങുന്നു. ഇത് സ്റ്റാലിന്റെ റഷ്യയല്ല. കേരളത്തില്‍ ഇത് വച്ചുപൊറുപ്പിക്കില്ലെന്നും സതീശന് പറഞ്ഞു. ഇന്നും ക്ലിഫ് ഹൗസ് മുതല്‍ മസ്കറ്റ് ഹോട്ടല്‍ വരെ ഗതാഗതം തടഞ്ഞ് മുഖ്യമന്ത്രി യാത്ര തുടര്‍ന്നതാണ് പ്രതിപക്ഷ നേതാവിനെ പ്രകോപിച്ചത്.
സമരം ചെയ്യുന്നവരെ കരുതല്‍ തടങ്കലിലാക്കിയാല്‍ എല്ലാം ശുഭമാകും എന്ന് കരുതുന്ന മുഖ്യമന്ത്രി വെറുതെ ദിവാസ്വപ്നം കണ്ട് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. യുഡിഎഫ് സമരത്തെ പരിഹസിക്കുന്ന മുഖ്യമന്ത്രിയോട് ഒറ്റ കാര്യമേ പറയാനുള്ളൂ. ജനങ്ങളെ വെല്ലുവിളിച്ച ഒരു ഭരണാധികാരിയും വിജയിച്ച ചരിത്രമില്ല, എത്ര സുരക്ഷ വര്‍ധിപ്പിച്ചാലും സമരാവേശത്തെ മറികടക്കാനാവില്ല. ഇനിയങ്ങോട്ട് ശക്തമായ സമരത്തെയാണ് മുഖ്യമന്ത്രിക്ക് നേരിടേണ്ടി വരികയെന്ന് ചെന്നിത്തല മുന്നറിയിപ്പ് നല്കി
സര്‍ക്കാര്‍ ജനകീയ പ്രക്ഷോഭങ്ങളെ ഭയപ്പെടുകയല്ല വേണ്ടതെന്നു പ്രക്ഷോഭങ്ങള്‍ക്കു കാരണമായ ജനവിരുദ്ധ തീരുമാനങ്ങള്‍ തിരുത്തുകയാണ് വേണ്ടതെന്നും ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ അമിത സുരക്ഷാ സംവിധാനങ്ങളും കരുതല്‍ തടങ്കലും ആരെ പേടിച്ചാണെന്ന് തനിക്കറിയില്ല. തങ്ങള്‍ ഭരിക്കുമ്പോള്‍ പ്രഖ്യാപിച്ച പല തീരുമാനങ്ങളും എല്‍ഡിഎഫ് ആവശ്യപ്പെട്ടപ്പോള്‍ തിരുത്തിയിട്ടുണ്ട്.
പ്രതിപക്ഷം ആവശ്യപ്പെട്ടതു കൊണ്ട് മാത്രം ഇത് ‘പ്രസ്റ്റീജ് ഇഷ്യു’ ആയി കണ്ട് തീരുമാനങ്ങള്‍ തിരുത്തില്ലെന്നു പറയേണ്ട ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അമിത് ഷായ്ക്ക് കേരളത്തിലെ ഭരണ വീഴ്ച്ചകളെ വിമര്‍ശിക്കാം. എന്നാല്‍ കേരളം മോശമാണെന്ന് അടച്ചാക്ഷേപിക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് രാപകല്‍ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.