കൊച്ചി: മദ്യപിച്ച് ബസ് ഓടിച്ചതിന് കൊച്ചി നഗരത്തിൽ 6 ബസ് ഡ്രൈവർമാർ അറസ്റ്റിൽ. രണ്ട് കെഎസ്ആർടിസി ബസ് ഡ്രൈവർമാരും നാല് സ്കൂൾ ബസ് ഡ്രൈവർമാരുമാണ് അറസ്റ്റിലായത്. നഗരത്തിൽ ബസ് അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പൊലീസ് വ്യാപക പരിശോധന നടത്തിയത്. കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
വെള്ളിയാഴ്ച നഗരത്തിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചിരുന്നു. അമിത വേഗത്തിലെത്തിയ ബസ് ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ സ്വമേധയാ വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി ശക്തമായ നടപടിക്കു പോലീസിനു നിർദേശം നൽകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പരിശോധന ആരംഭിച്ചത്. പോലീസ് നടത്തിയ പരിശോധനയിൽ 362 ബസുകളിലായി 18 കേസുകളാണ് കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച നടത്തിയ പരിശോധനയിൽ 362 ബസുകളിൽ 18 ബസുകൾക്കെതിരെ കേസെടുത്തു. 16 എണ്ണം അശ്രദ്ധയോടെ വാഹനം ഓടിച്ചതിനും രണ്ടെണ്ണം മദ്യപിച്ച് വാഹനം ഓടിച്ചതിനുമാണ് കേസ്. ലഹരി ഉപയോഗിച്ച് ബസ് ഓടച്ചതിന് 24 കേസുകളാണ് രജിസ്റ്റർ ചെയ്തത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് പോലീസിന്റെ തീരുമാനം.