ടെൽ അവീവ്: തുർക്കിയിലും സിറിയയിലുമുണ്ടായ വമ്പൻ ഭൂമിചലനത്തിൽ ലോകം മുഴുവൻ ദുഃഖത്തിലമരുമ്പോഴും
മനസിലെ വിഷം വമിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഇസ്രയേൽ പുരോഹിതൻ. ഭൂകമ്പത്തിലൂടെ ദൈവനീതിയാണ് നടപ്പിലായതെന്നാണ് വടക്കൻ ഇസ്രയേലിലെ സഫേദ് പ്രവിശ്യയുടെ മുഖ്യ പുരോഹിതനായ ഷുമേൽ ഏലിയാഹുവിന്റെ വിദ്വേഷ വാക്കുകൾ. ഈ രാജ്യങ്ങൾ ജൂതരെ ഉപദ്രവിച്ചിരുന്നെന്ന് ആരോപിച്ച ഷുമേൽ ഏലിയാഹു അതുകൊണ്ടാണ് അവർക്ക് ദൈവം ദുരന്തം വിതച്ചതെന്നും പറഞ്ഞു. ഒലം കത്താൻ എന്ന പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഭൂകമ്പത്തെ കുറിച്ച് വെറുപ്പ് നിറഞ്ഞ പരാമർശങ്ങൾ ഇയാൾ നടത്തിയത്. സിറിയയെയും തുർക്കിയെയും കൂടാതെ, അയൽരാജ്യങ്ങളിലെ ഭൂകമ്പത്തെ തുടർന്ന് സാമ്പത്തിക പിരിമുറുക്കത്തിലായ ലെബനനെയും ഷുമേൽ അധിക്ഷേപിച്ച് സംസാരിക്കുന്നുണ്ട്.
‘നൂറ് കണക്കിന് വർഷമായി രാജ്യത്തുള്ള ജൂത നിവാസികളെ ഉപദ്രവിച്ച സിറിയ മൂന്ന് തവണ ഇസ്രഈലിലേക്ക് കടന്നുകയറാൻ ശ്രമിച്ചു. ഇസ്രയേൽ ചാരനായ എലി കോഹനെ തൂക്കിലേറ്റി. തുർക്കിയുടെ കാര്യത്തിൽ എന്താണ് ദൈവത്തിന്റെ കണക്കുപുസ്തത്തിലുള്ളതെന്ന് നമുക്കറിയില്ല. നമ്മളെ അത്രയധികം മോശമാക്കി അവർ പലപ്പോഴും ചിത്രീകരിച്ചിട്ടുണ്ട്. പക്ഷെ നമ്മുടെ ശത്രുക്കൾക്കുള്ള വിധിയെഴുത്തിന് ദൈവം തീരുമാനിച്ചിരിക്കുകയാണെങ്കിൽ, ഒരു കാര്യം ഉറപ്പാണ്, അത് ഈ ലോകത്തെ ശുദ്ധീകരിച്ച് കൂടുതൽ മികച്ചതാക്കി മാറ്റാൻ തന്നെയായിരിക്കും. ഒരിക്കൽ മിഡിൽ ഈസ്റ്റിന്റെ സ്വിറ്റ്‌സർലാൻഡ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ലെബനൻ ഇപ്പോൾ നരകമായി തീർന്നിരിക്കുന്നു. ഇതൊന്നും വെറുതെ സംഭവിക്കുന്നതല്ല,’ ലേഖനത്തിൽ ഷുമേൽ പറയുന്നു.
ഷുമേൽ ഏലിയാഹുവിന്റെ പ്രസ്താവനക്കെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. നേരത്തെയും ഇത്തരത്തിലുള്ള വിദ്വേഷ പ്രസ്താവനകൾ നടത്തിയിട്ടുള്ള വ്യക്തിയാണ് ഷുമേൽ. അറബുകളെയും ഫലസ്തീനികളെയും വംശീയമായി അധിക്ഷേപിക്കുന്ന നിരവധി പരാമർശങ്ങൾ ഷുമേൽ നടത്തിയിട്ടുണ്ട്. ഇസ്രാഈൽ സർക്കാരിന്റെ നേതൃത്വത്തിൽ അറബുകൾക്കെതിരെ പ്രതികാര നടപടി സ്വീകരിക്കണമെന്നായിരുന്നു 2008ൽ ഇയാൾ ഉയർത്തിയ ഒരു ആവശ്യം.