ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീണ്ടുപോവുന്നത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി. പുതുതായി സാക്ഷികളെ വിസ്തരിക്കുന്നത് എന്തിനെന്നും കോടതി ആരാഞ്ഞു. വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ചോദ്യം. നേരത്തെ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിളിച്ചുവരുത്തി വിസ്തരിക്കുകയാണെന്ന് ദിലീപീന്റെ അഭിഭാഷകന് പറഞ്ഞു. 41 സാക്ഷികളെയാണ് പുതുതായി വിസ്തരിക്കുന്നതെന്ന് അഭിഭാഷകന് പറഞ്ഞു.
ദിലീപിന്റെ വാദങ്ങള്‍ എഴുതി നല്കാന് നിര്‍ദേശിച്ച കോടതി, ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയം നേരത്ത അവസാനിച്ചിരുന്നു. അതേസമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണ പുരോഗതി റിപ്പോർട്ട് കഴിഞ്ഞ ദിവസം സുപീം കോടതിയില്‍ സമർപ്പിച്ചിരുന്നു. കേരള ഹൈക്കോടതി രജിസ്ട്രാർ മുഖേനയാണ് തൽസമയ റിപ്പോർട്ട് കഴിഞ്ഞ ദിവസം സുപ്രിം കോടതിക്ക് കൈമാറിയത്. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ദിലീപ് സമർപ്പിച്ച സാഹചര്യത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്..
നേരത്തെ വിചാരണ ചെയ്ത സാക്ഷികളുടെ വിചാരണ അടക്കം വേണ്ട എന്ന് പറഞ്ഞുകൊണ്ടാണ് ദിലീന്റെ ഹർജി. ഇതടക്കമുള്ള അപേക്ഷകളാണ് സുപ്രീം കോടതി പരിഗണിച്ചത്.