Health

പേൻ ഒരു ‘ഭീകരജീവി’: ഉറക്കം നഷ്ടപ്പെടുത്തുന്നു, മാനസിക- ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു

ഡോ.വേണു തോന്നക്കൽ

   ചിത്രത്തിൽ കാണുന്ന ഈ ‘ഭീകരരൂപി’യെ അറിയാത്തവർ ഉണ്ടാവില്ല. അതാണ് നമ്മുടെ തലയിലെ സാക്ഷാൽ പേൻ.
ഒഴിവു നേരത്ത് ഗ്രാമങ്ങളിൽ സ്ത്രീകൾ ഒത്തുകൂടിയാൽ അവർ പരസ്പരം തലയിൽ പേൻ നോക്കുന്നത് പണ്ടു കാലങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. ജീവിതത്തിൽ മാത്രമല്ല പഴയ കാല സിനിമയിലും അത്തരം സീക്വൻസുകൾ ധാരാളമുണ്ടായിരുന്നു.
പരസ്പരം തലയിൽ പേൻ തേടുന്നത് ഒരു വല്ലാത്ത അനുഭൂതിയാണ്. അമ്മമാർ ചെറിയ കുട്ടികളെ ഉറക്കാൻ ഈ മാർഗ്ഗം അവലംബിക്കാറുണ്ട്. കുട്ടികൾ മാത്രമല്ല ഉറക്കക്കുറവുള്ള മുതിർന്നവരിലും ഇത് വേറിട്ടൊരു അനുഭവമാണ്.

ഈ പ്രവൃത്തി ഒരു നേരമ്പോക്ക് കൂടിയാണ്. കലയും വിനോദവും ആണ് . ഒരു നാടിൻ്റെ സാംസ്കാരത്തിന്റെ ഭാഗമാണ് എന്ന് വേണമെങ്കിൽ പറയാം.

മുട്ട (Egg), നിംഫ് ( Nymph), പൂർണ്ണ വളർച്ചയെത്തിയ ജീവി (Adult) എന്നിങ്ങനെ മൂന്ന് അവസ്ഥകൾ ഉണ്ട് പേൻന്റെ ജീവിത ചക്രത്തിൽ. തലമുടിയിൽ മണൽ വിരിച്ച മാതിരി കാണുന്നതാണ് പേൻ മുട്ട. മുട്ട പൊട്ടി പേൻ കുഞ്ഞ് പിറക്കുന്നു. അതാണ് നിംഫ്. നിംഫ് വളർന്ന് വരുന്നതാണ് തലയിലെ പേൻ . ഏതാണ്ട് ഒരു മാസമാണ് പൂർണ്ണ വളർച്ചയെത്തിയ ഒരു പേൻന്റെ ആയുസ്സ്.

പകർച്ചവ്യാധി പോലെയാണ് പേൻ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. തലയിൽ പേൻ ശല്യമുള്ള ഒരാളിനൊപ്പം ഉറങ്ങുമ്പോഴോ അടുത്തിടപെഴകുമ്പോഴോ അയാൾ ഉപയോഗിച്ച ചീർപ്പ്, ടവൽ എന്നിവ ഉപയോഗിക്കുന്നതിലൂടെയോ ഇവ പകരുന്നു.
ഇത് നമ്മുടെ നാട്ടിൽ മാത്രമുള്ള ഒരു പ്രശ്നമല്ല. ലോകമെമ്പാടുമുള്ളവരിൽ വിശിഷ്യാ സ്ത്രീകളിൽ കാണപ്പെടുന്നു. വൃത്തിഹീനതയാണ് തലയിൽ പേൻ വളരാൻ കാരണമെന്ന് പറയാറുണ്ട്. എന്നാൽ അങ്ങനെയല്ല .ഇവയുടെ ഭക്ഷണം നമ്മുടെ രക്തമാണ്.

തലയിലെ പേൻ വലിയ ഒരു പ്രശ്നമാണ്. അത് ഒരു മാനസിക പ്രശ്നം മാത്രമല്ല സാമൂഹിക പ്രശ്നം കൂടിയാണ്. പൊതു ഇടങ്ങളിൽ ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ നമുക്ക് ഊഹിക്കാവുന്നതാണ്.
ഇക്കാലത്ത് സ്വന്തം തലമുടിയിൽ പേനുണ്ട് എന്ന് പറയുന്നത് തന്നെ ആക്ഷേപമാണ്. പൊതുയിടങ്ങളിൽ വച്ച് തലയിൽ പേൻ കടിക്കുമ്പോൾ മറ്റൊന്നും ശ്രദ്ധിക്കാതെ സ്വന്തം വിരലുകൾ തലനാരിഴകൾക്കിടയിൽ പരതി പേൻ എടുത്ത് വിരൽ നഖത്തിൽ വച്ച് പൊട്ടിച്ച് കൊല്ലുന്നതിനൊപ്പം ആ ഉത്സാഹ തിമർപ്പിൽ വായ് കൊണ്ട് ചെറിയ ശബ്ദമുണ്ടാക്കി ആനന്ദിക്കുന്ന സ്ത്രീകളെ പണ്ട് കാണാമായിരുന്നു.
ഇന്ന് അതിനെത്ര പേർ തയ്യാറാവും…? സഹിക്കുക തന്നെ. ഇതു തന്നെ വലിയ മാനസിക വിഷമതകൾ അല്ലേ ഉണ്ടാക്കുന്നത്…? പേനും പേൻ കടിയും ഉറക്കവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. അത് വിദ്യാർത്ഥികളുടെ പഠനത്തെ മോശമായി ബാധിക്കുന്നു. വളരെ ശ്രദ്ധയോടെ ചെയ്യേണ്ട തൊഴിലുകളിൽ ഏർപ്പെടുന്നവരിൽ പേൻ ഉണ്ടാക്കുന്ന ക്ലേശം തീരെ ചെറുതൊന്നുമല്ല. തലയിലും പിന്നെ ശരീരത്തിലും നിറയെ പേൻ ബാധിച്ച് ശാരീരികമായും മാനസികമായും ക്ലേശമനുഭവിക്കുന്നവരെ അപൂർവ്വമായെങ്കിലും കാണാനാവും.

തലയിലെ പേൻ ഫൈലം ആർത്രോപോഡ (Phylum arthropoda ) യിൽ വരുന്ന ഒരു കീടമാണ്. പെഡികുലിഡെ (Pediculidae) യാണ് കുടുംബം . പെഡി കുലസ് ഹൂമനസ് കാപിറ്റിസ് (Pediculus humanus capitis) എന്നാണ് ശാസ്ത്രനാമം. ഇംഗ്ലീഷിൽ ഹെഡ് ലൗസ് (Head louse) എന്നു വിളിക്കും.

നമ്മുടെ തലയിലെ ചർമം തുളച്ച് പേൻ രക്തം കുടിക്കുമ്പോഴാണ് തല ചൊറിയുന്നത്. തലയിൽ പേൻ ഉള്ളവരുടെ തല ചൊറിച്ചിൽ വലിയ പ്രശ്നമാണ്. പേൻ നിവാരണത്തിനുള്ള ലേപനങ്ങൾ ഇന്ന് കമ്പോളത്തിൽ ലഭ്യമാണ്. കൂടാതെ അനവധി നാടൻ പ്രയോഗങ്ങളും ഉണ്ട് . നിങ്ങളുടെ തലയിലെ പേൻ വലിയ പ്രശ്നമാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണുക.

Back to top button
error: