പത്തനംതിട്ട: പന്തളത്ത് യുവതിയെ കൊലപ്പെടുത്തിയത് മരക്കഷണംകൊണ്ട് തലയ്ക്ക് അടിച്ചെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തിയാണ് മരണകാരണം സ്ഥിരീകരിച്ചത്. പുന്തല തുളസീഭവനത്തില്‍ സജിത(40)യാണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവിനെ പോലീസ് തിരയുന്നു.
വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് സജിതയെ പൂഴിക്കാട്ടുള്ള വാടകവീട്ടില്‍ തലയ്ക്ക് അടിയേറ്റനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേയ്ക്കും മരിച്ചിരുന്നു. തലയ്ക്ക് ശക്തമായ അടിയേറ്റതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. അടിക്കാന്‍ ഉപയോഗിച്ചിരുന്ന മരക്കഷണം സംഭവസ്ഥലത്തുനിന്നും കണ്ടെത്തി.
പന്തളം പൂഴിക്കാട്ട് തച്ചിരേത്ത് ലക്ഷ്മിനിലയത്തില്‍ മൂന്നുവര്‍ഷമായി വാടകയ്ക്ക് താമസിച്ചിരുന്നവരാണ് ഷൈജുവും സജിതയും. നാട്ടുകാരുമായി വലിയ ബന്ധം ഇല്ലായിരുന്നു. വെള്ളിയാഴ്ച രാത്രി ഷൈജു, സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് വീട്ടിലേക്ക് വരാന്‍ പറഞ്ഞു. അവര്‍ എത്തിയപ്പോഴേക്കും ഇയാള്‍ മുങ്ങി.
തലയ്ക്ക് അടിയേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന സജിതയെ പോലീസാണ് ആശുപത്രിയിലാക്കിയത്. സജിത വിവാഹിതയാണ്. ഭര്‍ത്താവുമായി അകന്ന് കഴിയുകയുമായിരുന്നു. തിരുവല്ലയില്‍ ഒരു കടയിലെ ജീവനക്കാരിയായിരുന്ന സജിത ഫെയ്സ്ബുക്കിലൂടെയാണ് ഷൈജുവിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ ഒന്നിച്ച് താമസിക്കുകയായിരുന്നു. സംഭവത്തിനുശേഷം മൊബൈല്‍ ഫോണ്‍ ഓഫ് ആക്കിയാണ് ഷൈജു മുങ്ങിയത്.