കൊച്ചി: മിസിസ്സ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് അഞ്ജലി റാവു. വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ പരമ്പരയിൽ മായ എന്ന കഥാപാത്രത്തെയാണ് അഞ്ജലി അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനൊപ്പം തന്റെ നിലപാടുകൾ എന്നും തുറന്ന് പറഞ്ഞിട്ടുള്ള താരം കൂടിയാണ് അഞ്ജലി. ഒരിടയ്ക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷൻ നേരിട്ടതിനെ കുറിച്ച് അഞ്ജലി തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ, അടുത്ത കാലത്ത് താൻ വിഷാദത്തിലൂടെ കടന്നു പോയിരുന്നു എന്ന് പറയുകയാണ് അഞ്ജലി. ഇടൈംസിന് നൽകിയ അഭിമുഖത്തിലാണ് അഞ്ജലി ഇക്കാര്യം പറഞ്ഞത്.
അടുത്തിടെ ഞാൻ വിഷാദ രോഗത്തിനോട് പോരാടിയിരുന്നു. ഒരു മാസക്കാലം ഞാൻ അതിന് വേണ്ടി മരുന്ന് കഴിക്കുകയായിരുന്നു. ഞാൻ ഇടയ്ക്ക് അനിയന്ത്രിതമായി പൊട്ടിത്തെറിക്കുകയും വൈകാരികമായി പെരുമാറുകയും ചെയ്തിരുന്നു. എന്‍റെ സഹപ്രവർത്തകർക്കും ഭർത്താവിനും നന്ദി, അവരാണ് എന്നെ സഹായിച്ചത്. ഇപ്പോൾ ഞാൻ അതിനെ മറികടന്നെന്ന് വിശ്വസിക്കുന്നു എന്നാണ് അഞ്ജലി പറയുന്നത്.
വിഷാദം എന്നെ വല്ലാതെ ബാധിച്ചിരുന്നു. സെറ്റിൽ ഞാൻ അലക്ഷ്യമായി പെരുമാറാൻ തുടങ്ങി. ഒരു ദിവസം ദേഷ്യം വന്നപ്പോൾ ഞാൻ ഫോൺ എറിഞ്ഞു തകർത്തു. എനിക്ക് ഓർമ്മക്കുറവ് വരെ വന്നു. ഞാൻ എന്‍റെ കുഞ്ഞിനെ വരെ അകറ്റി നിർത്തി, അവൻ അവന്റെ അമ്മയെ ഒരു ആക്രമണകാരിയായി കാണരുതെന്ന് ഞാൻ ആഗ്രഹിച്ചു. ഒരു കാരണവുമില്ലാതെ ഞാൻ എല്ലാവരുടെയും മുന്നിൽ കരയുന്ന സാഹചര്യമുണ്ടായി. അതിന് പിന്നാലെയാണ് അരുൺ ഉൾപ്പടെയുള്ളവർ എന്നോട് ചികിത്സ തേടാൻ ആവശ്യപ്പെട്ടത്. അവർ തന്നെ എന്‍റെ ഭർത്താവിനോട് സംസാരിച്ചു. അവരിന്ന് എനിക്ക് കുടുംബം പോലെയാണ്. എനിക്ക് താങ്ങായതിന് അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അരുൺ, മാൻവി, വിനായക്, ശ്യാം ഒക്കെ എനിക്കൊപ്പം നിന്നുവെന്നും അഞ്ജലി പറയുന്നു.
കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട സമയത്ത് തിരക്കിലായി പോയതിനാൽ ആവാം ഇങ്ങനൊരു അവസ്ഥയിലേക്ക് താൻ എത്തിയതെന്നാണ് അഞ്ജലി പറയുന്നത്. മോഡലിങ്ങിലൂടെയാണ് അഞജലി കരിയര്‍ ആരംഭിക്കുന്നത്. നിരവധി പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ നടി അഭിനയിച്ചിരുന്നു. അതിന് ശേഷമാണ് അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. ധാരാളം തമിഴ്സിനിമകളിലും സീരിയലുകളിലുമെല്ലാം അഞ്ജലി അഭിനയിച്ചിട്ടുണ്ട്.