നന്മ കൊണ്ട് ശത്രുക്കളെപ്പോലും മിത്രങ്ങളാക്കുന്ന തിക്കുറിശ്ശിയുടെ ‘സരസ്വതി’ക്ക് 53 വയസ്സ്
സിനിമ ഓർമ്മ
തിക്കുറിശ്ശി രചനയും സംവിധാനവും നിർവ്വഹിച്ച ‘സരസ്വതി’ക്ക് 53 വയസ്സ്. പ്രേംനസീർ മന്ദബുദ്ധിയായി അഭിനയിച്ച ഈ ചിത്രം 1970 ഫെബ്രുവരി 6 ന് റിലീസ് ചെയ്‌തു. ഉമ്മർ, രാഗിണി എന്നിവരായിരുന്നു മറ്റ് മുഖ്യതാരങ്ങൾ. തിക്കുറിശ്ശി ഒരു പ്രധാന വേഷം അഭിനയിക്കുകയും ഗാനരചന നിർവ്വഹിക്കുകയും ചെയ്‌തു. സംഗീതം എം എസ് ബാബുരാജ്. പ്രശസ്‌ത തമിഴ് കവി കണ്ണദാസന്റെ സഹോദരൻ എ.എൽ ശ്രീനിവാസനാണ് നിർമ്മാണം. 1956 ലെ ‘പെണ്ണിൻ പെരുമൈ’ എന്ന തമിഴ് ചിത്രം മലയാളീകരിച്ചതാണ് ‘സരസ്വതി’.
വീട്ടുകാരുടെ നിർബന്ധം മൂലം ബുദ്ധിമാന്ദ്യമുള്ള യുവാവിനെ വിവാഹം കഴിക്കേണ്ടി വരികയും അയാളെ നല്ല ബുദ്ധിയിലേയ്ക്ക് കൊണ്ടുവരികയും നന്മ കൊണ്ട് ശത്രുക്കളെപ്പോലും മിത്രങ്ങളാക്കുകയും ചെയ്യുന്ന സരസ്വതി എന്ന സ്ത്രീയുടെ കഥയാണ് സിനിമ. ‘സ്വയംസിദ്ധ’ എന്ന ബംഗാളി നോവലിലെ ‘ദുഷ്ടയായ രണ്ടാനമ്മയ്ക്ക് നല്ലവളായ മരുമകൾ’ എന്ന പ്രമേയത്തിന് തെലുഗു, തമിഴ്, മലയാളം ചലച്ചിത്രഭാഷ്യങ്ങളുണ്ടായി. മൂലകഥ രവീന്ദ്രനാഥ് ടാഗോറിന്റേതാണ്.
ഭർത്താവിന്റെ ആദ്യവിവാഹത്തിലെ മകനെ മരുന്ന് കൊടുത്ത് മന്ദബുദ്ധിയാക്കുകയും, സ്വത്ത് സ്വന്തം മകന് മാത്രമായി കിട്ടാൻ കുതന്ത്രങ്ങളൊരുക്കുകയും ചെയ്യുന്ന ദുഷ്ടയായ രണ്ടാനമ്മ. അമ്മയെപ്പോലും പടിക്ക് പുറത്താക്കി പിതൃസ്വത്ത് തട്ടിയെടുത്ത താന്തോന്നിയായ മകൻ. ഒടുവിൽ അമ്മയുടെ കൈ കൊണ്ട് മരിക്കാൻ മകന് യോഗം. ദുഷ്ടയായ രണ്ടാനമ്മയെ മീന അവതരിപ്പിച്ചു. താന്തോന്നിയായ മകൻ ഉമ്മർ. നല്ലവളായ മരുമകളായി രാഗിണി.
‘ആര് പറഞ്ഞു പ്രിയമാനസനായ ഭവാനൊരു ഭ്രാന്തനാണെന്ന്? ഓടുന്ന വണ്ടിയിൽ ഒരുവന് ചുറ്റും ഓടുന്നതായി തോന്നും’ എന്നാണ് തിക്കുറിശ്ശി ഒരു ഗാനത്തിൽ എഴുതിയത്.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ