ഇസ്‌ലാമബാദ്: ആഭ്യന്തര ക്രിക്കറ്റ് ലീഗായ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പ്രദര്‍ശന മത്സരത്തിനിടെ സ്റ്റേഡിയത്തിന് കിലോമീറ്ററുകള്‍ അകലെ സ്‌ഫോടനം. ഞായറാഴ്ച ക്വെറ്റയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ക്കു പരുക്കേറ്റു. തെഹ്‌രീകെ താലിബാന്‍ പാകിസ്ഥാന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
സ്‌ഫോടനത്തിനു പിന്നാലെ പ്രദര്‍ശന മത്സരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. താരങ്ങളെ ഡ്രസ്സിങ് റൂമിലേക്കു മാറ്റി. പാകിസ്ഥാനിലെ നവാബ് അക്തര്‍ ബുക്തി സ്റ്റേഡിയത്തിലാണ് പിഎസ്എല്ലിന്റെ ഭാഗമായ മത്സരം നടന്നത്. സ്‌ഫോടനത്തിനു പിന്നാലെ മുന്‍കരുതലായാണു കളി നിര്‍ത്തിവച്ചതെന്ന് പോലീസ് അറിയിച്ചു. അനുമതി ലഭിച്ചതോടെയാണു മത്സരം വീണ്ടും തുടങ്ങിയത്.
പ്രദര്‍ശന മത്സരം കാണാന്‍ ആരാധകരാല്‍ നിറഞ്ഞ ഗാലറിയാണ് സ്റ്റേഡിയത്തിലുണ്ടായിരുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം, മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി തുടങ്ങി പ്രമുഖ താരങ്ങള്‍ പ്രദര്‍ശന മത്സരത്തിനെത്തിയിരുന്നു. അതേസമയം, കൂടുതല്‍ ആളുകള്‍ സ്റ്റേഡിയത്തിലേക്കു തള്ളിക്കയറിയതിനാലാണ് കളി നിര്‍ത്തിയതെന്നും അഭ്യൂഹങ്ങളുണ്ട്. ക്വെറ്റ ഗ്ലാഡിയേറ്റഴ്‌സും പെഷവാര്‍ സല്‍മിയും തമ്മിലായിരുന്നു പ്രദര്‍ശന മത്സരം നടത്തിയത്.