തൊടുപുഴ: സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുതിരപ്പുഴയാറില്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തിന് സമീപത്തായിരുന്നു അപകടം. വെള്ളത്തില്‍ വീണ ഹൈദരാബാദ് സ്വദേശിയായ സന്ദീപ് (21) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ്് മൂന്നരയോടെയാണ് സംഭവം. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.
സന്ദീപ് ഉള്‍പ്പെടെ അഞ്ചംഗ സംഘം മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം തിരികെ എല്ലക്കല് വഴി ചുനയംമാക്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ സന്ദീപ് കാല് വഴുതി വെള്ളത്തില്‍ വീണു. അടിയൊഴുക്ക് കൂടുതലായതിനാല്‍ പെട്ടെന്ന് മുങ്ങിത്താഴ്ന്നു.
നാട്ടുകാരുടെയും ഫയര്‍ ഫോഴ്സിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തൊടുപുഴയില്‍ നിന്നുള്ള സ്കൂബ ടീമംഗങ്ങളും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് സന്ദീപിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തൂവല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.