കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ തുടർചികിത്സയ്ക്ക് സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം. ഉമ്മൻ ചാണ്ടിയുടെ സഹോദരനും കുടുംബവും ഉൾപ്പെടെ 42 പേരാണ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയത്. ഫെബ്രുവരി മൂന്നിനാണ് നിവേദനം സമർപ്പിച്ചിരിക്കുന്നത്.
ഉമ്മൻ ചാണ്ടിക്ക് കൃത്യമായ ചികിത്സ ലഭിക്കാത്തത് കഴിഞ്ഞ ദിവസം വാർത്ത ആയിരുന്നു. മകൾ അച്ചു ഉമ്മൻ മമ്മൻ ചാണ്ടിയെ ചികിത്സയ്ക്ക് കൊണ്ടുപോകാൻ എത്തിയിരുന്നെങ്കിലും ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയുടെയും മറ്റൊരു മകൾ മറിയയുടെയും എതിർപ്പിനെ തുടർന്ന് സാധിച്ചില്ല. ഉമ്മൻ ചാണ്ടിക്ക് കാര്യമായ ചികിത്സ ലഭിക്കാത്തതിൽ അണികളും ആശങ്കയിലാണ്. ഇവർ മറിയാമ്മയുമായി വാകേറ്റം ഉണ്ടായതായും തുടർന്ന് അവർ തല കറങ്ങി വീണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
നിവേദനത്തിലെ ഭാഗങ്ങൾ:
ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി മുൻപാകെ സമർപ്പിക്കുന്ന അപേക്ഷ
വിഷയം മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് അടിയന്തിര ഇടപെടൽ ആവശ്യമായതിനെ സംബന്ധിച്ച്
നിവേദനം
ശ്രീ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച് അറിവുള്ളതാണല്ലോ. 2015 ൽ ആരംഭിച്ച അർബുദ ബാധക്രമാതീതമായി വഷളായി അദ്ദേഹത്തിന്റെ ആരോഗ്വസ്ഥിതി അതീവ ആശങ്ക ഉളവാക്കുന്ന സ്ഥിതിയിൽ എത്തി നിൽക്കുന്നു. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും അമേരിക്കയിലും, ദുബായിലും സിഎംസി വെല്ലൂർ, ജർമ്മനി എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും രോഗനിർണ്ണയം നടന്നതല്ലാതെ രോഗത്തിനുള്ള ചികിത്സ നാളിതുവരെ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല.
ജർമ്മനിയിലെ ചാരിറ്റി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ബാംഗ്ളൂരിലെ എച്ച് സി ജി ആശുപത്രിയിൽ ഡോ. വിശാൽ റാവുവിന്റെ നേതൃത്വത്തിൽ തുടർചികിത്സയ്ക്ക് വിധേയനായി ജനുവരി മാസം ആദ്യം തിരുവനന്തപുരത്ത് മടങ്ങി എത്തി. എന്നാൽ വീണ്ടും തുടർചികിത്സയ്ക്ക് മടങ്ങേണ്ട അദ്ദേഹത്തെ നാളിതുവരെ ബാംഗ്ലൂരിലെ എച്ച് സി.ജി ആശുപത്രിയിൽ തിരികെ എത്തിച്ചിട്ടില്ല. അദ്ദേഹത്തിന് അടിയന്തിര ചികിത്സ ആവശ്യമുള്ളതിനാൽ ഓരോ നിമിഷവും വിലപ്പെട്ടതാണ്. അനുനിമിഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്.
ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന സമുന്നതനായ ഒരു രാഷ്ട്രീയ നേതാവിന് ആവശ്യമായ ചികിത്സ ലഭിക്കാത്തത് നമ്മുടെ സംസ്ഥാനത്തിന് തന്നെ അപമാനകരമാണ്. ബഹുമാന്യനായ കേരളാ മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്.
ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്കുവേണ്ട നിർദ്ദേശങ്ങൾ ലഭിക്കുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും വിദഗ്ദ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിച്ച് തുടർചികിത്സ ലഭ്യമാക്കണമെന്ന് അഭ്വർത്ഥിക്കുന്നു. ഉമ്മൻചാണ്ടിക്ക് ലഭ്യമാക്കാവുന്ന ഏറ്റവും മികച്ച ചികിത്സ അടിയന്തിരമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചേർന്ന് ലഭ്യമാക്കണമെന്ന് അഭ്വർത്ഥിക്കുന്നു.