ലക്നൗ: മഹാവിഷ്ണുവിന്റെ അംശമായി കണക്കാക്കുന്ന സാളഗ്രാമ ശിലകള്‍ അയോദ്ധ്യയിലെത്തി. രാമക്ഷേത്രത്തിലെ പ്രതിഷ്ഠകളായ ശ്രീരാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് നേപ്പാളിലെ കാളിഗണ്ഡകി നദിയില്‍ നിന്നും ശിലകള്‍ എത്തിച്ചിട്ടുള്ളത്.
പുരോഹിതരുടെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ ആഘോഷപൂര്‍വമാണ് സാളഗ്രാമശിലകള്‍ സ്വീകരിച്ചത്. പ്രത്യേക പൂജകളും ഇതുസംബന്ധിച്ച് നടന്നു. കാളിഗണ്ഡകി നദീതടത്തില്‍ സ്ഥിതി ചെയ്യുന്ന മ്യാഗ്ഡി, മസ്താംഗ് ജില്ലകളില്‍ മാത്രമാണ് സാളഗ്രാമങ്ങള്‍ കാണാന്‍ കഴിയുക. സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തിലുള്ള ദാമോദര്‍ കുണ്ഡില്‍ നിന്നാണ് അയോദ്ധ്യയിലെത്തിച്ചിട്ടുള്ള സാളഗ്രാമങ്ങള്‍ ലഭിച്ചത്.
കോടിക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ശിലകളാണിതെന്നാണ് വിവരം. ഒരു കല്ലിന് 30 ടണ്ണും, മറ്റൊന്നിന് 15 ടണ്ണുമാണ് ഭാരം. വമ്പന്‍ ട്രക്കുകളിലാണ് നേപ്പാളില്‍ നിന്നും ഇവ എത്തിച്ചത്.