KeralaLIFENEWSReligion

ഒരുക്കങ്ങൾ പൂർത്തിയായി; ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് ഇന്ന് തുടക്കം

പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ 111-ാമത് സമ്മേളനം ഇന്നുമുതല്‍ ചെറുകോല്‍പ്പുഴയിലെ പമ്പാ മണല്‍പുറത്ത് ആരംഭിക്കും. അധ്യാത്മിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് മൂന്നിന് ശ്രീരംഗം മന്നാര്‍ഗുഡി ആശ്രമം മഠാധിപതി ത്രിദണ്ഡി ചെന്തലക്കര ചെമ്പക മന്നാര്‍ഗുഡി ജീയാര്‍ സ്വാമി നിര്‍വഹിക്കും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനനാന്ദ തീര്‍ഥപാദര്‍ അധ്യക്ഷത വഹിക്കും. ശ്രീ വിദ്യാധിരാജാ ദര്‍ശന പുരസ്‌കാരം ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മയ്ക്ക് കേന്ദ്രമന്ത്രി വി. മുരളീധരന്‍ സമര്‍പ്പിക്കും. പരിഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് പി.എസ്. നായര്‍ അറിയിച്ചു.

ഒരാഴ്ചക്കാലത്തെ പരിഷത്ത് പരിപാടികളുടെ ഭാഗമായി ഗണപതിഹോമം, നാരായണീയ പാരായണം, പമ്പാ ആരതി, ആധ്യാത്മിക പ്രഭാഷണങ്ങള്‍ എന്നിവ നടക്കും. വിവിധ പരിപാടികളില്‍ പ്രമുഖ സന്യാസി ശ്രേഷ്ഠര്‍, മതപണ്ഡിതര്‍, സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Signature-ad

പരിഷത്തിന് മുന്നോടിയായി പന്മന ആശ്രമത്തില്‍ നിന്ന് വെളളിയാഴ്ച ആരംഭിച്ച ജ്യോതി പ്രയാണ ഘോഷയാത്രയും ഇന്നലെ രാവിലെ എഴുമറ്റൂര്‍ പരമഭട്ടാരക ആശ്രമത്തില്‍ നിന്നാരംഭിച്ച ഛായാചിത്ര ഘോഷയാത്രയും അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന പതാക ഘോഷയാത്രയും ഇന്ന് രാവിലെ 11 -ന് ചെറുകോല്‍പ്പുഴ ജംഗ്ഷനില്‍ സമ്മേളിച്ച് വിദ്യാധിരാജ നഗറിലേക്ക് എത്തിച്ചേരും. പരിഷത്ത് നഗറില്‍ മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ പതാക ഉയര്‍ത്തുന്നതോടെ ആധ്യാത്മിക സമ്മേളനത്തിന് തുടക്കമാകുമെന്ന് സെക്രട്ടറി എ ആര്‍. വിക്രമന്‍പിള്ള പറഞ്ഞു.

ചെറുകോല്‍കരയില്‍ നിന്നും നഗറിലേക്ക് എത്താനുളള താല്‍ക്കാലിക പാലം ഭക്തര്‍ക്കായി തുറന്നു. തിരുവതിതാംകൂറില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ നേതൃത്വത്തില്‍ നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്് 110 -വര്‍ഷം മുമ്പ് ആരംഭിച്ചതാണ് ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് എന്ന ഏഷ്യയിലെ ഏറ്റവും വലിയ ഹൈന്ദവ കൂട്ടായ്മ. ചട്ടമ്പിസ്വാമിയുടെ പ്രധാന ശിഷ്യനായിരുന്ന തീര്‍ത്ഥപാദ പരമഹംസര്‍ പ്രമുഖരായ വ്യക്തികളെ സംഘടിപ്പിച്ച് 1913-ല്‍ ആരംഭിച്ച മതപ്രഭാഷണ യോഗമാണ് ഇന്നത്തെ അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്.

Back to top button
error: