കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജനിക്കാത്ത കുട്ടിയുടെ പേരില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. സൂപ്രണ്ട് ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ. അനില്‍കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിർദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
എന്നാല്‍, പരാതിക്കാരിക്കെതിരെയും അന്വേഷണം വേണമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ ആവശ്യം. ഇത് സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് പൊലീസില്‍ പരാതിയും നല്‍കി. വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിവരം കിട്ടിയപ്പോള്‍തന്നെ ആഭ്യന്തര അന്വേഷണം നടത്തി നടപടിയെടുത്തുവെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.
അനില്‍ കുമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രസവവാര്‍ഡുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നിടത്തെത്തിയിരുന്നതായും ജനന സര്‍ട്ടിഫിക്കറ്റിന്റെ ഒരു അപേക്ഷാ ഫോം കൈവശപ്പെടുത്തിയെന്നുമാണ് മെഡിക്കല്‍ കോളേജിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍, പരാതിക്കാരി മെഡിക്കല്‍ കോളേജ് അധികൃതരെ വിവരമറിയിച്ചില്ലെന്നും ആശുപത്രി അധികൃതരാണ് പിന്നീട് പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയതെന്നുമാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പരാതിയില്‍ പറയുന്നത്.