പാലക്കാട്: പി.ടി. സെവനെ കൂട്ടിലാക്കിയിട്ടും അടങ്ങാതെ ആനക്കലി. ധോണിയില്‍ വീണ്ടും കാട്ടാന ആക്രമണം, പശുവിനെ കൊലപ്പെടുത്തി. ക്ഷീര കര്‍ഷകയായ കരുമത്താന്‍ പൊറ്റ സ്വദേശി കുഞ്ഞമ്മ തോമസിന്റെ പശുവിനെയാണ് കൂട്ടമായെത്തിയ കാട്ടാനകള്‍ കൊന്നത്. വെള്ളിയാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് ആനകള്‍ പശുവിനെ ആക്രമിച്ചത്.
വീട്ടുകാരെത്തി ബഹളമുണ്ടാക്കിയതോടെ ആനക്കൂട്ടം ഓടിപ്പോയെങ്കിലും പശുവിന് മാരകമായി പരുക്കേറ്റിരുന്നു. വയറിനോട് ചേര്‍ന്ന് കൊമ്പുകൊണ്ട് കുത്തേറ്റതിന്റെ പാടുണ്ട്. എന്നാല്‍ കാട്ടാനകള്‍ പശുവിനെ ആക്രമിക്കാന്‍ സാധ്യതയില്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. ഒരു മോഴയടക്കം മൂന്നാനകളുടെ സാന്നിധ്യമാണ് ധോണി ജനവാസ മേഖലകളില്‍ ഭീതി വിതയ്ക്കുന്നത്.
വനംവകുപ്പ് കാണിച്ച നിസംഗതയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ജനവാസ മേഖലയില്‍ ആനകള്‍ എത്തിയ വിവരം അറിയിച്ചപ്പോള്‍ ആര്‍.ആര്‍.ടി. സംഘം കൃത്യമായി ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്. നിലവിലെ ആര്‍.ആര്‍.ടി. സംഘത്തിന് പകരം വയനാട്ടില്‍ നിന്നുള്ള പുതിയ സംഘത്തെ ധോണിയില്‍ എത്തിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസവും ധോണിയില്‍ വൈദ്യുതി വേലി തകര്‍ത്ത് കാട്ടാനക്കൂട്ടമിറങ്ങി. ധോണി മേരിമാതാ ക്വാറിക്ക് പിറക് വശത്ത് സെന്റ് തോമസ് നഗറിലാണ് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ കാട്ടാനയിറങ്ങിയത്. സെന്റ് തോമസ് നഗറിന് സമീപം വനത്തോട് ചേര്‍ന്ന് വൈദ്യുതി വേലി മരക്കൊമ്പിടിച്ചിട്ട് തകര്‍ത്താണ് ആനകളിറങ്ങിയത്. മേലേ ധോണി ഭാഗത്ത് സനല്‍ ആന്റോയുടെ വീടിന് പുറക് വശത്ത് ആനകള്‍ ഏറെ നേരം തമ്പടിച്ചു. പി.ടി. സെവനെ പിടികൂടി കൂട്ടിലാക്കിയിട്ടും ധോണിയില്‍ സ്ഥിരമായി കാട്ടാനയത്തുന്നതില്‍ ആശങ്കയ്ക്കപ്പുറം മനസ്സു മടുത്തു കഴിയുകയാണ് നാട്ടുകാര്‍. എത്രയും പെട്ടെന്ന് പ്രശ്‌നപരിഹാരമൊരുക്കി ഭീതിയകറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വന്യമൃഗശല്യത്തില്‍ കൃഷിനാശവും ജീവഹാനിയും ഉണ്ടാകുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ നിയമനടപടിക്ക് ഒരുങ്ങി വന്യജീവി പ്രതിരോധ സമിതി. വന്യജീവികളുടെ കസ്‌റ്റോഡിയനായ കേന്ദ്ര സര്‍ക്കാരിനെ കക്ഷിചേര്‍ത്ത് നിയമനടപടി ആരംഭിക്കുമെന്ന് സമിതി രക്ഷാധികാരി പി.എ. ഗോകുല്‍ദാസ് പറഞ്ഞു.