CrimeNEWS

തലസ്ഥാനത്ത് ചോദ്യചിഹ്നമായി സ്ത്രീ സുരക്ഷ: മ്യൂസിയത്തില്‍ വീണ്ടും സ്ത്രീയ്ക്കു നേരെ അതിക്രമം; അക്രമണം നടത്തിയത് ബൈക്കിലെത്തിയ രണ്ടംഗ സംഘം 

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ചോദ്യചിഹ്നമായി സ്ത്രീ സുരക്ഷ.തിരുവനന്തപുരം നഗരത്തിൽ സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായതിനു പിന്നാലെ മ്യൂസിയത്തിലും സ്ത്രീയ്ക്കു നേരേ അതിക്രമം. ഇന്നലെ രാത്രി 11.45 ന് കനക നഗർ റോഡിലാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സാഹിത്യ ഫെസ്റ്റിന് ശേഷം താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അതിക്രമം.

അതിക്രമത്തിനിടെ യുവതിയുടെ കഴുത്തിനും മുഖത്തിനും അടിയേറ്റു. ലൈംഗിക അതിക്രമത്തിന് പൊലീസ് കേസെടുത്തു. മാല മോഷണം നടത്താനുള്ള ശ്രമമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. സി.സി. ടി വി ക്യാമറകൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനാണ് ശ്രമം.

കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലും സമാനമായ സംഭവം നടന്നിരുന്നു. മ്യൂസിയം വളപ്പില്‍ നടക്കാനിറങ്ങിയപ്പോഴാണ് അന്ന് സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷ്, സർക്കാർ വാഹനം ദുരുപയോഗം ചെയ്താണ് തലസ്ഥാനത്ത് അതിക്രമം നടത്തിയത്. കുറവൻകോണത്ത് വീട്ടിൽ അതിക്രമം കാണിച്ചകേസിലെ അന്വേഷണമാണ് സന്തോഷിനെ കുടുക്കിയത്. ഒക്ടോബര്‍ 25ന് രാത്രി കുറവൻകോൺത്തെ വീട്ടിൽ സന്തോഷ് എത്തിയ ഇന്നോവാ കാർ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിൽ സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു. പേയാട് സ്വദേശി മനു ആണ് പിടിയിലായത്. സൈക്കിളിൽ പോവുകയായിരുന്ന കുട്ടിയെ മനു കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു. മ്യൂസിയം–വെള്ളയമ്പലം റോഡിൽവച്ചാണ് ആക്രമണമുണ്ടായത്. സജീവ പോലീസ് സാന്നിധ്യമുള്ള മേഖലയിൽ വച്ചുണ്ടായ അതിക്രമം ആശങ്കയുണ്ടാക്കുന്നതാണെന്ന് വനിതാ സംഘടനകൾ ചൂണ്ടിക്കാട്ടി.

Back to top button
error: