തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി നിയമിക്കപ്പെടാൻ യോഗ്യതയുള്ളത് ഉത്തമ നമ്പൂതിരി ഇല്ലത്തിൽ ജനിച്ചവർക്ക് മാത്രമെന്ന് ദേവസ്വം. ഉത്തമമായി കരുതപ്പെടുന്ന നമ്പൂതിരി ഇല്ലങ്ങളിലെ അംഗങ്ങള്‍ മാത്രം മേൽശാന്തി നിയമനത്തിന് അപേക്ഷിച്ചാല്‍ മതിയെന്നാണ് ഗുരുവായൂർ ദേവസ്വം പുറത്തിറക്കിയ വിജ്ഞാപനത്തിലുള്ളത്. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ അടുത്ത ആറ് മാസത്തേക്കുള്ള മേല്‍ശാന്തി നിയമനത്തിനുള്ള വിജ്ഞാപനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
മേല്‍ശാന്തി നിയമനത്തിനുള്ള അപേക്ഷകര്‍ 30 വയസ് തികഞ്ഞവരും 60 വയസ് കവിയാത്തവരുമായിരിക്കണം. ശുകപുരം, പെരുവനം എന്നീ ഗ്രാമങ്ങളില്‍പ്പെട്ടവരും, ഉത്തമമായി കരുതപ്പെടുന്ന നമ്പൂതിരി ഇല്ലങ്ങളിലെ അംഗങ്ങളും അഗ്നിഹോത്രം, ഭട്ടവൃത്തി എന്നിവയില്‍ ഏതെങ്കിലും ഒന്നുള്ളവരും മാത്രമേ മേല്‍ശാന്തി നിയമനത്തിന് അപേക്ഷിക്കേണ്ടതുള്ളൂ എന്നും വിജ്ഞാപനത്തില്‍ പറയുന്നു. ആവശ്യമായ യോഗ്യതകളില്ലാത്തവരുടെയും ജാതി, വയസ് തുടങ്ങിയവയില്‍ വ്യാത്യാസമുള്ളവരുടേയും അപേക്ഷകള്‍ നിരുപാധികം നിരസിക്കുമെന്നും വിജ്ഞാപനത്തിലുണ്ട്.
നേരത്തെ, കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലെ പ്രധാനപ്പെട്ട ഒരു ക്ഷേത്രത്തിലും അവര്‍ണ വിഭാഗക്കാരായ മേല്‍ശാന്തിയോ, കീഴ്ശാന്തിയോ, കഴകക്കാരനോ പോലും ഇല്ലെന്ന വിമര്‍ശനവുമായി എസ്.എന്‍.ഡി.പി. രംഗത്തെത്തിയിരുന്നു. ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളില്‍ മരുന്നിന് പോലും ഒരാളില്ലെന്നും കീഴ്‌വഴക്കം, പാരമ്പര്യം, കാരായ്മ, താല്‍കാലിക നിയമനം തുടങ്ങിയ ന്യായങ്ങളാണ് അബ്രാഹ്മണരെ ഈ ജോലിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഇക്കാലത്തും പറയുന്നതെന്നും എസ്.എന്‍.ഡി.പി വിമര്‍ശിച്ചു. എസ്.എന്‍.ഡി.പി മുഖപത്രമായ യോഗനാദത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലായിരുന്നു വിമര്‍ശനം. ശബരിമല മേല്‍ശാന്തി മലയാള ബ്രാഹ്മണനായിരിക്കണം എന്ന വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു രൂക്ഷ വിമര്‍ശനവുമായി യോഗനാദം എത്തിയത്.