IndiaNEWS

“ആർത്തവം സാധാരണ ശാരീരിക പ്രതിഭാസം മാത്രം”; ആര്‍ത്തവ അവധി പരിഗണനയില്‍ പോലും ഇല്ലെന്ന് കേന്ദ്ര സര്‍ക്കാർ

ന്യൂഡല്‍ഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും വൻകിട കമ്പനികളും വനിതാ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ആർത്തവ അവധി അനുവദിക്കുമ്പോൾ വിരുദ്ധ നിലപാടുമായി കേന്ദ്ര സർക്കാർ. ആര്‍ത്തവം സാധാരണ ശാരീരിക പ്രതിഭാസം മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പവാര്‍ പറഞ്ഞു. ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് അതേ തുടര്‍ന്ന് ബുദ്ധിമുട്ടുണ്ടാകുന്നത്. ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും ഭാരതി പവാര്‍ ലോക്സഭയിൽ പറഞ്ഞു.

പെണ്‍കുട്ടികള്‍ക്കിടയിലെ അർത്തവ ശുചിത്വത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എംപിമാരായ ബെന്നി ബെഹന്നാൻ, ടി.എൻ പ്രതാപൻ, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ ചോദ്യത്തിനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി മറുപടി നല്‍കിയത്. ജനുവരി 29 വരെ 32 കോടി 12 ലക്ഷം ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ടുകള്‍ സൃഷ്ടിച്ചതായി ഭാരതി പവാര്‍ ലോക്‌സഭയെ അറിയിച്ചു. ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ രാജ്യത്ത് പരസ്പര പ്രവര്‍ത്തനക്ഷമമായ ഒരു ഡിജിറ്റല്‍ ആരോഗ്യ ഇക്കോസിസ്റ്റം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നചതെന്നും മന്ത്രി പറഞ്ഞു. ആയുഷ്മാന്‍ ഭാരത്-പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴില്‍ 23 കോടി ആയുഷ്മാന്‍ കാര്‍ഡ് നല്‍കിയതായും മന്ത്രി പറഞ്ഞു. 10 കോടി 74 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ നല്‍കുന്ന പദ്ധതിയാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: