KeralaNEWS

ചിന്നക്കനാലിനെ വിറപ്പിച്ച സി​ഗരറ്റ് കൊമ്പൻ ഏലത്തോട്ടത്തിൽ ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്നു സംശയം

മൂന്നാർ: ഇടുക്കി ചിന്നക്കനാലിനെ വിറപ്പിക്കുന്ന കാട്ടാന സി​ഗരറ്റ് കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ചിന്നക്കനാൽ ബിഎൽ റാം കുളത്താമ്പാറയ്ക്കു സമീപം ഈശ്വരൻ എന്നയാളുടെ ഏലത്തോട്ടത്തിലാണ് ജഡം കണ്ടെത്തിയത്. വൈദ്യുതക്കമ്പിയിൽനിന്നു ഷോക്കേറ്റ് കൊമ്പൻ ചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനമെന്ന് ദേവികുളം ഫോറസ്റ്റ് റേ‍ഞ്ച് ഓഫിസർ പിവി വെജി പറഞ്ഞു.

എട്ടു വയസുകാരനായ സി​ഗരറ്റ് കൊമ്പൻ പ്രദേശത്തെ നിത്യ സാന്നിധ്യമായിരുന്നു. ഇടുക്കിയെ വിറപ്പിക്കുന്ന മറ്റു കൊമ്പൻമാരിൽ നിന്ന് വ്യത്യസ്തമായി ആനക്കൂട്ടത്തോടൊപ്പം സഞ്ചരിക്കുന്ന കൊമ്പനാണു സിഗരറ്റ് കൊമ്പൻ. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊമ്പനാണിത്. വണ്ണം കുറഞ്ഞ നീണ്ട കൊമ്പുകൾ ഉള്ളതിനാലാണു വാച്ചർമാരും നാട്ടുകാരും സിഗരറ്റ് കൊമ്പൻ എന്നു പേരിട്ടത്.

Signature-ad

അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഷാൻട്രി ടോം, മൂന്നാർ ഡിഎഫ്ഒ രമേഷ് വിഷ്ണോയി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വെറ്ററിനറി സർജൻമാരായ ഡോ. നിഷ റേയ്ച്ചൽ, ഡോ. അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ജഡം സംസ്കരിച്ചു.

അതേസമയം, ചിന്നക്കനാല്‍ ബി.എല്‍ റാമില്‍ ഇന്നലെ വീണ്ടും കാട്ടാന ആക്രമണമുണ്ടായി. 2 വീടുകള്‍ ഒറ്റയാൻ തകര്‍ത്തു. അരികൊമ്പന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഒറ്റയാനാണ് മണി ചെട്ടിയാര്‍, മുരുകന്‍ എന്നിവരുടെ വീടുകള്‍ ഇന്നലെ പുലര്‍ച്ചെ 1.30 ന് തകര്‍ത്തത്. ഇരു വീടുകളിലും മധ്യപ്രദേശ് സ്വദേശികളായ അതിഥി തൊഴിലാളികളാണ് താമസിച്ചിരുന്നത്. മണി ചെട്ടിയാരുടെ വീട്ടില്‍ ഒരു കുടുംബത്തിലെ 2 കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് ഉണ്ടായിരുന്നത്. അരികൊമ്പന്‍ വീടിന്റെ ഭിത്തി തള്ളി താഴെയിട്ടതോടെ പിന്‍ വാതിലിലൂടെ ഇവര്‍ കുട്ടികളെയുമെടുത്ത് പുറത്തേക്ക് ഓടി.

സമീപത്തു തന്നെയുള്ള മുരുകന്റെ വീട്ടില്‍ 3 കുട്ടികളുള്‍പ്പെടെ 7 അംഗ അതിഥി തൊഴിലാളി കുടുംബമാണ് താമസിച്ചിരുന്നത്. ഒറ്റയാന്‍ ഈ വീടിന്റെ ഒരു ഭിത്തിയും തകര്‍ത്തു. വീടിനകത്തുണ്ടായിരുന്നവര്‍ വാതില്‍ തുറന്ന് പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കാട്ടാനകളെ തുരത്താനുള്ള ദൗത്യവുമായി വയനാട്ടിൽ നിന്നുള്ള ദ്രുതകർമ സേനാംഗങ്ങൾ ഇന്ന് ഇടുക്കിയിലെത്തും.

 

 

Back to top button
error: