തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഒ.പിക്കുള്ളില്‍ കൂട്ടിരിപ്പുകാരായ യുവാക്കള്‍ക്ക് വാര്‍ഡന്‍മാരുടെ ക്രൂരമര്‍ദനം. ആശുപത്രിക്കുള്ളിലേക്കു പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിലേക്കെത്തിയത്.
നെടുമങ്ങാട് സ്വദേശികളായ രണ്ടു യുവാക്കളെയാണ് സെക്യൂരിറ്റി ഓഫീസറുടെ മുറിക്കു സമീപംവെച്ച് ക്രൂരമായി മര്‍ദിച്ചത്. ഒരു യുവാവിനെ കസേരയിലിരുത്തി രണ്ടു വാര്‍ഡന്‍മാര്‍ ചേര്‍ന്നു മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായിട്ടും മെഡിക്കല്‍ കോളജ് പോലീസ് സ്ഥലത്തെത്തുകയോ അന്വേഷിക്കുകയോ ചെയ്തില്ല.
വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കൂട്ടിരിക്കാന്‍ വന്നവരാണ് മര്‍ദനത്തിനിരയായതെന്നാണ് വിവരം. പുറത്തുപോയി വന്ന ഇവര്‍ ഒ.പി. കവാടത്തിലൂടെ ആശുപത്രിക്കകത്തേക്കു കയറാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്കു കാരണമായത്. വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് കൂടുതല്‍ ട്രാഫിക് വാര്‍ഡന്മാരെത്തി ഇവരെ സെക്യൂരിറ്റി ഓഫീസറുടെ മുറിക്കു സമീപം എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് അവിടെ കസേരയില്‍ ഇരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞിട്ടുണ്ടെന്നും പരാതിയുമായി ആരും എത്തിയില്ലെന്നും മെഡിക്കല്‍ കോളജ് പോലീസ് അറിയിച്ചു. അതേസമയം, ഒ.പിയിലിരുന്ന് മദ്യപിച്ചത് ചോദ്യംചെയ്യുക മാത്രമാണുണ്ടായതെന്നാണ് മെഡിക്കല്‍ കോളജ് ജീവനക്കാര്‍ പറയുന്നത്.