ഇടുക്കി: രാജാക്കാട് വട്ടപ്പാറ കാറ്റൂതിമേടിലെ അമ്പലത്തില്‍ ഉത്സവത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന അഞ്ച് പ്രതികളെ ഉടുമ്പന്‍ചോല പോലീസ് അറസ്റ്റുചെയ്തു. ഒന്നാംപ്രതി വട്ടപ്പാറ കാറ്റൂതി സ്വദേശി പാണ്ടിമാക്കല്‍ റോണി റോയ് (22), വട്ടപ്പാറ കാറ്റൂതി സ്വദേശി സൂര്യ വേല്‍മുരുകന്‍ (19), വട്ടപ്പാറ പുത്തുകുന്നേല്‍ അലക്‌സ് ആഗസ്തി (21), വട്ടപ്പാറ മേക്കോണത്ത് അഖില്‍ പുരുഷോത്തമന്‍ (21), വട്ടപ്പാറ തൊട്ടികാട്ടില്‍ ബേസില്‍ ജോയ് (21) എന്നിവരാണ് പിടിയിലായത്
ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ കട്ടപ്പന ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അവിടെ നിന്നാണ് പിടികൂടിയത്. ആകെ എട്ട് പ്രതികളുള്ള കേസില്‍ ചെമ്മണ്ണാര്‍ സ്വദേശി അരുണ്‍(22), വട്ടപ്പാറ സ്വദേശി അബിന്‍(21), കാറ്റൂതി സ്വദേശി വിഷ്ണു(27) എന്നിവരെയാണ് പോലീസ് സംഭവദിവസം തന്നെ പിടികൂടിയിരുന്നു.
കാറ്റൂതി സ്വദേശി മുരുകനെ(44) ആണ് പ്രതികള്‍ വാക്കത്തികൊണ്ട് വെട്ടിയത്. മുന്‍ വൈരാഗ്യംമൂലമാണ് പ്രതികള്‍ മുരുകനെ സംഘംചേര്‍ന്ന് ആക്രമിച്ചത്. ഇരു കൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റ മുരുകന്‍ മധുരൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിനുശേഷം നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.