പി.ഭാസ്കരന്റെ ‘ആറടി മണ്ണിന്റെ ജന്മി’ തീയേറ്ററുകളിലെത്തിയിട്ട് ഫെബ്രുവരി 4ന് 51 വർഷം
സിനിമ ഓർമ്മ
പി ഭാസ്‌ക്കരൻ നിർമിച്ച് സംവിധാനം ചെയ്‌ത ‘ആറടി മണ്ണിന്റെ ജന്മി’ക്ക് 51 വയസ്സ്. 1972 ഫെബ്രുവരി 4ന് റിലീസ് ചെയ്‌ത ചിത്രത്തിന് തിരക്കഥ രചിച്ചത് ശ്രീകുമാരൻ തമ്പി. തമിഴ് സംവിധായകൻ കെ ബാലചന്ദറിന്റെ ആദ്യചിത്രമായ ‘നീർക്കുമിഴി’യുടെ റീമേയ്ക്കാണ് ‘ആറടി മണ്ണിന്റെ ജന്മി’. നാല് ഗാനങ്ങളിൽ രണ്ട് വീതം ഭാസ്ക്കരനും തമ്പിയും എഴുതി. സംഗീതം ആർ.കെ ശേഖർ. ‘തുടക്കവും ഒടുക്കവും സത്യങ്ങൾ’ എന്ന തമ്പിയുടെ ഗാനവും ‘ആരോരുമില്ലാത്ത തെണ്ടി’ എന്ന പി. ഭാസ്‌ക്കരൻ രചിച്ച ഗാനവും ഹിറ്റായി. ‘ഭാഗ്യജാതകം’, ‘അമ്മയെ കാണാൻ’, ‘ആദ്യകിരണങ്ങൾ’ തുടങ്ങി 9 ചിത്രങ്ങൾ പി ഭാസ്‌ക്കരൻ നിർമ്മിച്ച് സംവിധാനം ചെയ്‌തിട്ടുണ്ട്.
ഒരു നഴ്‌സിങ്ങ് ഹോമിലെ രോഗികളുടെ ചെറുനൊമ്പരങ്ങളിലൂടെ വികസിക്കുന്ന കഥയാണ് ‘ആറടി മണ്ണിന്റെ ജന്മി’യുടേത്. ഷീല അഭിനയിച്ച വനിതാ ഡോക്ടർക്ക് മധുവിൻ്റെ ഫുട്‍ബോൾ കളിക്കാരനായ രോഗിയോട് പ്രണയം. ‘ആരോരുമില്ലാത്ത തെണ്ടി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മറ്റൊരു ചെറുപ്പക്കാരനായ രോഗിയുടെ (നസീർ) സ്വഭാവഗുണത്താൽ, നഴ്‌സിങ്ങ് ഹോമിന്റെ സ്റ്റോർ കീപ്പർക്ക് മകളെ (ജയഭാരതി) അയാൾക്ക് വിവാഹം കഴിച്ചു കൊടുക്കണമെന്നുണ്ട്. മനുഷ്യൻ ഒന്ന് ചിന്തിക്കുന്നു; വിധി മറ്റൊന്ന് നടപ്പാക്കുന്നു.
ഫുട്‍ബോൾ കളിക്കാരന്റെ കാല് മുറിച്ചു മാറ്റേണ്ടി വരുന്നു. നല്ലവനായ ചെറുപ്പക്കാരന് ശ്വാസകോശ അർബുദം കാരണം എണ്ണാവുന്ന നാളുകളേ അവശേഷിക്കുന്നുള്ളൂ. പക്ഷെ ജീവിതത്തിന്റെ നൈമിഷികത മനസിലാക്കി അയാൾ മറ്റ് രോഗികളുമായുള്ള ആഹ്ളാദകരമായ സമ്പർക്കത്തിനാണ് സ്വയം അർപ്പിക്കുന്നത്.
‘ദേഹിയും മോഹവും കാറ്റിൽ മറയും, ദേഹമാം ദുഃഖമോ മണ്ണോട് ചേരും’ എന്ന് ശ്രീകുമാരൻ തമ്പി ചിത്രത്തിലെ ഒരു ഗാനത്തിലൂടെ സൂചിപ്പിക്കുന്നു.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ