LocalNEWS

സംസ്ഥാന ബജറ്റ്: എക്‌സ്പീര്യൻഷ്യൽ വിനോദ സഞ്ചാര പദ്ധതിയിൽ കുമരകവും, മെഡിക്കൽകൊളേജ് റോഡിൽ ഭൂഗർഭപാത, കുമരകത്ത് ഫയർ സ്റ്റേഷൻ

ഏറ്റുമാനൂർ: സംസ്ഥാനസർക്കാരിന്റെ എക്‌സ്പീര്യൻഷ്യൽ വിനോദ സഞ്ചാര പദ്ധതിയിൽ കുമരകവും. ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ടൂറിസം മേഖലയ്ക്ക് കുതിപ്പ് നൽകുന്ന എക്‌സ്പീര്യൻഷ്യൽ വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി കുമരകവും മാറിയത്. ടൂറിസം കേന്ദ്രത്തിന്റെ അടിസ്ഥാനസൗകര്യപദ്ധതികളുടെ വികസനവും, ജലപാത ടൂറിസം പദ്ധതികളുമാണ് ഇതിലൂടെ നടപ്പിലാവുക. ഇതിനു പുറമെ ഏറ്റുമാനൂർ മണ്ഡലത്തിൽ വൻ വികസന പദ്ധതികൾക്കും അനുമതിയായി . കുമരകം ഫയർ‌സ്റ്റേഷൻ, ഏറ്റുമാനൂർ മിനിസിവിൽ സ്റ്റേഷൻ, മെഡിക്കൽ കൊളേജ് ഭൂഗർഭപാത, എന്നിങ്ങനെ വിവിധ പദ്ധതികൾക്കായിട്ട് ബജറ്റിൽ തുക അനുവദിച്ചു. സിവിൽസ്റ്റേഷന്റെ ആദ്യഘട്ടത്തിനായി 15 കോടി രൂപ അനുവദിക്കുകയും, രണ്ടാം ഘട്ടത്തിന് 16 കോടി രൂപ ബജറ്റിൽ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. സീപാസിനു കീഴിൽ നഴ്‌സിങ്ങ് കൊളേജിനായി 3 കോടിരൂപയാണ് നീക്കിവച്ചിരിക്കുന്നത്.

അതിരമ്പുഴ ആട്ടുകാരൻ കവലറോഡിന് 445 ലക്ഷം രൂപയും, മെഡിക്കൽ കൊളേജിന് മുൻവശത്തായി ആർപ്പുക്കര അമ്മഞ്ചേരി റോഡിൽ ഭൂഗർഭപാത നിർമ്മിക്കുന്നതിനായി 130 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മണർകാട്‌ ബൈപാസിന്റെ , പട്ടിത്താനം മുതൽ പാറക്കണ്ടം വരയും, പാറക്കണ്ടം മുതൽ പൂവത്തും മൂട് വരയുമുള്ള അരികുചാൽ, ഓട,നടപ്പാത നിർമ്മാണത്തിനായി 550 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കുമരകം ബസാർ യു പി സ്‌കൂളിന്റെ കെട്ടിട നിർമ്മാണത്തിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. 200 ലക്ഷം രൂപയാണ് കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്.

Signature-ad

അന്താരാഷ്ട്ര ടൂറിസ്റ്റു കേന്ദ്രമായ കുമരകത്ത് ഫയർ ആന്റ് റെസ്‌ക്യൂ സ്റ്റേഷൻ നിർമ്മാണത്തിന് 400 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വേമ്പനാട്ട് കായൽ സംരക്ഷണത്തിനും , തിരുവാർപ്പ്, അയ്മനം, കുമരകം ആർപ്പുക്കര പഞ്ചായത്തുകളിലെ തോടുകളും ജലപാതകളും സംരക്ഷിക്കുന്നതിനും രണ്ടാം കുട്ടനാട് പാക്കേജിൽ തുക വകയിരുത്തിയിട്ടുണ്ട്. നീണ്ടൂർ , ആർപ്പുക്കര, കുമകരകം, അയ്മനം പഞ്ചായത്തുകളിലെ പാടശേഖങ്ങളിലെ പുറംബണ്ട് ശക്തിപ്പെടുത്തുന്നതിനായി തുക അനുവദിച്ചിട്ടുണ്ട്.

സമഗ്രവികസനം മുന്നിൽ കണ്ടുള്ള പദ്ധതികൾ : വി.എൻ. വാസവൻ

ഏറ്റുമാനൂരിന്റെ സമഗ്രവികസനം മുന്നിൽ കണ്ടുള്ള പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം പുതിയ പദ്ധതികൾകൂടി എത്തുമ്പോൾ മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിൽ ഏറെ മുന്നേറാൻ സാധിക്കും. ടൂറിസം മേഖലയിൽ മികച്ച വികസനപദ്ധതികൾ എത്താനും ബജറ്റിൽ ഉൾപ്പെടുത്തിയ ടൂറിസം ഇടനാഴിയിലൂടെ സാധിക്കും. തുക അനുവദിച്ചിരിക്കുന്ന പദ്ധതികൾക്ക് പുറമെ ആരോഗ്യ മേഖലയിലെയും , വിദ്യാഭ്യാസ മേഖലയിലും കുതിപ്പിന് ഉതകുന്ന പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കാർഷിക മേഖലയിൽ റബർ സബ്‌സിഡിയും, തേങ്ങയുടെ വില ഉയർത്തിയ നടപടിയും കർഷകർക്ക് ആശ്വാസം നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു

Back to top button
error: