KeralaNEWS

കണ്ണൂരിനു പിന്നാലെ വെഞ്ഞാറമൂട്ടിലും ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു, വാഹനത്തിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ട് ഡ്രൈവര്‍

തിരുവനന്തപുരം: കണ്ണൂരിനു പിന്നാലെ വെഞ്ഞാറമൂട്ടിലും ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വാഹനത്തിൽ നിന്നിറങ്ങി ഓടിയ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് സംഭവം. രാവിലെ 8:30 ഓടെ വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന സാന്‍ട്രോ കാറിനാണ് തീപിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു.

വെഞ്ഞാറമൂട് സ്വദേശിയുടേതാണ് അപകടത്തില്‍പ്പെട്ട വാഹനം. ഇയാള്‍ ആറ്റിങ്ങൽ ഉള്ള തന്‍റെ വ്യാപാര സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു തീ പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. മുൻവശത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ഡ്രൈവർ വാഹനം നിര്‍ത്തി ഓടിയിറങ്ങി രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ തീ ആളിപ്പടര്‍ന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

Signature-ad

കഴിഞ്ഞ ദിവസം കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചിരുന്നു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ആകെ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്.

ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവും മുൻ സീറ്റുകളിലും മറ്റ് നാല് പേർ പുറകിലെ സീറ്റുകളിലുമായിരുന്നു ഉണ്ടായിരുന്നത്. കാർ ഡോർ ജാമായതിനാൽ മുൻ സീറ്റുകളിലുണ്ടായിരുന്ന രണ്ട് പേർക്കും രക്ഷപ്പെടാനായില്ല. ഗർഭിണിയുമായി ആശുപത്രിയിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. വാഹനമോടിച്ച ഭർത്താവിനൊപ്പം മുൻവശത്തായിരുന്നു ഭാര്യയുണ്ടായിരുന്നത്. പിറകിൽ ഒരു കുട്ടിയടക്കം രണ്ട് നാല് കുടുംബാംഗങ്ങളുമുണ്ടായിരുന്നു.

Back to top button
error: