KeralaNEWS

ജീവിതം വഴിമുട്ടിയ കര്‍ഷകർ ആത്മഹത്യയിൽ അഭയം തേടുന്നു, ഇടുക്കിയിൽ കടബാധ്യത മൂലവും വയനാട്ടിൽ ബാങ്ക് ജപ്തി ഭീഷണിയെ തുടർന്നും കർഷകർ ജീവനൊടുക്കി

   ഇടുക്കി ജില്ലയിലെ  രാജാക്കാട് കര്‍ഷകനെ കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാജാക്കാട് ബൈസണ്‍വാലി സൊസൈറ്റിമേട് സ്വദേശി ശംഖുപുരത്തില്‍ രാജേന്ദ്രന്‍(53) ആണ് മരിച്ചത്. പനച്ചിക്കുഴിയിലെ കൃഷിയിടത്തില്‍ പോയ രാജേന്ദ്രന്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിൽ  ജാതി മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഏലത്തിന് വിലയിടിഞ്ഞതിനാല്‍ തോട്ടം ഉടമകള്‍ക്ക് പാട്ട തുക നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇതേതുടര്‍ന്ന് രാജേന്ദ്രന്‍ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇതാകാം അദ്ദേഹത്തെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും ഇവര്‍ പറഞ്ഞു.

വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി, ഭൂദാനം നടുക്കുടിയിൽ കൃഷ്ണൻ കുട്ടി ( 70) യാണ് ജപ്തി ഭീഷണിയെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. സുൽത്താൻ ബത്തേരി കാർഷിക വികസന ബാങ്കിൽനിന്നും കൃഷ്ണൻ കുട്ടി 2013ൽ ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. രണ്ടു തവണ പലിശ അടച്ചു പുതുക്കിയെങ്കിലും പിന്നീട് കൃഷികൾ നശിച്ചതിനാൽ വായ്പ തിരിച്ചടവ് നടന്നില്ല. ജപ്തി നടപടികൾ ആരംഭിക്കുമെന്നു കാണിച്ച് ബാങ്ക് അടുത്തയിടെ പല തവണ നോട്ടീസ് അയച്ചിരുന്നു. ഇതിനും പുറമെ, ബാങ്കിന്റെ നിയമോപദേശകനെ കൂട്ടി ജീവനക്കാർ വീട്ടിൽ വരികയും ഉടൻ ജപ്തി നടക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബാംഗങ്ങൾ പറഞ്ഞു. ഇതേ തുടർന്ന് കടുത്ത മനോവിഷമത്തിലായ കൃഷ്ണൻകുട്ടി കർണ്ണാടകയിലെ അതിർത്തി ഗ്രാമം ബൈരകുപ്പയിലെത്തി വിഷം കഴിക്കുകയായിരുന്നു. അവശനിലയിലായ ഇയാളെ നാട്ടുകാർ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. 2014 ഫെബ്രുവരി 28ന് ഇയാൾ ഭാര്യയുടെ പേരിൽ പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നിന്നും എടുത്ത 13500 രൂപ വായ്പയും കുടിശ്ശികയായിരിക്കുകയാണ്.

Back to top button
error: