LIFEMovie

‘വിമർശനങ്ങൾ പരിഹാസങ്ങൾ ആകാതിരുന്നാൽ മതി, അത് നല്ലതല്ല’, സോഷ്യൽ മീഡിയ റിവ്യുകളെ കുറിച്ച് മമ്മൂട്ടി

മ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫർ. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളിൽ എത്തുകയാണ്. റിലീസുമായി ബന്ധപ്പെട്ട് പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് അണിയറ പ്രവർത്തകർ. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വരുന്ന സിനിമ റിവ്യുകളെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

അടുത്തകാലത്ത് ഇറങ്ങുന്ന സിനിമകളെ കുറിച്ച് പല സോഷ്യൽ മീഡിയകളും റിവ്യുകൾ എഴുതുന്നുണ്ട്. ആ എഴുത്തിന് അനുസരിച്ചാകും പലപ്പോഴും സിനിമകൾ കാണാൻ ആളുകൾ തിയറ്ററിൽ എത്തുന്നത്. സിനിമ കണ്ടിട്ടില്ലാത്തവർ വരെ ഇത്തരം റിവ്യുകൾ നടത്താറുമുണ്ട്. ഇത്രയും വർഷം സിനിമാ മേഖലയിൽ ഉള്ള ആളെന്ന നിലയിൽ, ഈ ഇൻഡസ്ട്രിയെ സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ് എന്നുള്ളത് കൊണ്ടുതന്നെ, എങ്ങനെയാണ് മമ്മൂട്ടി ഈ വിഷയത്തെ കാണുന്നത് എന്നായിരുന്നു ചോദ്യം.

‘അതിന്റെ മെരിറ്റ്സും ഡി മെരിറ്റ്സുമൊന്നും നമ്മൾ അന്വേഷിച്ച് പോയിട്ട് കാര്യമില്ല. അവയ്ക്ക് ഒക്കെ പല അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ ഉണ്ട്. വിമർശനങ്ങൾ പരിഹാസങ്ങൾ ആകാതിരുന്നാൽ മതി. പലപ്പോഴും അതിര് വിട്ട് പോകുന്നത് അവിടെയാണെന്നാണ് എനിക്ക് തോന്നുന്നത്. അത് നല്ലതല്ല’, എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അതേസമയം, മോഹൻലാൽ സിനിമയും മമ്മൂട്ടി സിനിമയും ഫെബ്രുവരി 9ന് തിയറ്ററിൽ എത്തുകയാണ്. മോഹൻലാലിന്റെ സ്ഫടികം 4കെ വെർഷനാണ് തിയറ്ററിൽ എത്തുന്നത്.

ക്രിസ്റ്റഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. കോളിളക്കം സൃഷ്ടിച്ച ഒരു കേസ് അന്വേഷിക്കാന്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായാണ് സിനിമയിൽ മമ്മൂട്ടി എത്തുന്നത്. ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിന്‍റെ ടാ​ഗ് ലൈന്‍. അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Back to top button
error: