CrimeKeralaNEWS

കൺമണിയല്ലേ, ക്രൂരതയരുതേ…വർക്കലയിൽ മൂന്ന് വയസുകാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അച്ഛനും അമ്മൂമ്മയും അറസ്റ്റിൽ

തിരുവനന്തപുരം: കേരള മനസാക്ഷിയെ നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം വർക്കലയിൽ നിന്നു പുറത്തുവന്നത്. അങ്കണവാടിയിൽ പോകാൻ മടി കാണിച്ച മൂന്ന് വയസുകാരിയെ ക്രൂരമായി മർദിച്ച അമ്മൂമ്മയും കുട്ടിയുടെ മാതാപിതാക്കളും രൂക്ഷ വിമർശനത്തിന് വിധേയരായിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മയും അച്ഛനും അറസ്റ്റിലായെന്നാണ് പുതിയ വാർത്ത. ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരം കേസിൽ അമ്മൂമ്മയേയും അച്ഛനേയും പ്രതിചേർത്ത് വർക്കല പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

പ്രതികൾക്ക് മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പിന് പുറമേ കരുതിക്കൂട്ടിയുള്ള മർദനം, ആയുധം കൊണ്ട് അല്ലെങ്കിൽ മറ്റ് എന്തെങ്കിലും സാധനങ്ങൾ കൊണ്ടുള്ള ആക്രമണം എന്നിങ്ങിനെ വിവിധ വകുപ്പുകൾ ചേർത്താണ് ഇരുവർക്കുമെതിരേ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മൂമ്മയ്ക്കെതിരേ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.

അതേസമയം നേരത്തെ റിപ്പോർട്ട് ചെയ്തതിൽ നിന്നും വ്യത്യസ്തമായാണ് പൊലീസ് എഫ്ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്. അങ്കണവാടിയിൽ പോകാൻ മടി കാണിച്ചതിനാണ് കുട്ടിയുടെ അമ്മയുടെ അമ്മ വടികൊണ്ട് പൊതിരെ തല്ലിയതെന്നായിരുന്നു മുൻപ് പുറത്തുവന്ന റിപ്പ‍ോർട്ട്. എന്നാൽ അങ്കണവാടിയിൽ പോകാതെ, പ്രതികളുമായി വിരോധമുള്ളവരുടെ വീട്ടിൽ കുട്ടി പോയതിൻ്റെ ദേഷ്യത്തിലാണ് അമ്മൂമ്മ ആ വീട്ടിൽ നിന്ന് കുട്ടിയെ വിളിച്ചിറക്കി മർദ്ദിച്ചതെന്നും വൈകിട്ട് വീട്ടിൽ എത്തിയ പിതാവും ഇത് അറിഞ്ഞ് കുട്ടിയെ വീണ്ടും മർദിച്ചുവെന്നുമാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.

തിങ്കളാഴ്ച രാവിലെയായിരുന്നു മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം. കുഞ്ഞിനെ അമ്മൂമ്മ മർദിക്കുന്ന ദൃശ്യങ്ങൾ അയൽവാസി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെ ദൃശ്യങ്ങൾ അതിവേ​ഗം പ്രചരിച്ചു. കുഞ്ഞിനെ രക്ഷിതാക്കൾ പതിവായി മർദ്ദിക്കാറുള്ളതായും നാട്ടുകാർ പൊലീസിനോടു പറ‍ഞ്ഞു.

Back to top button
error: