കോഴിക്കോട്: കത്തിചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയതിന് നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചാപ്പയില്‍ തലനാര്‍തൊടിക ഷഫീഖ് നിവാസില്‍ പുള്ളി എന്ന അര്‍ഫാന്‍ (20), ചക്കുംകടവ് സ്വദേശി ഗാന്ധി എന്ന അജ്മല്‍ ബിലാല്‍ (21), അരക്കിണര്‍ സ്വദേശി പാളയം റയീസ് എന്ന റഹീഷ് (30), മാത്തോട്ടം സ്വദേശി മോട്ടി എന്ന റോഷന്‍ അലി (25) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി കോട്ടപ്പറമ്പ് ആശുപത്രിക്കു സമീപം മലപ്പുറം സ്വദേശിയുടെ കഴുത്തില്‍ കത്തിവച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ഗൂഗിള്‍ പേയുടെയും പേടിഎമ്മിന്റെയും പാസ്വേഡ് പറയപ്പിച്ച് അരലക്ഷം രൂപയോളം കവര്‍ന്ന കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്.
നഗരത്തില്‍ രാത്രികാലങ്ങളില്‍ കറങ്ങി നടക്കുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ സിറ്റി ക്രൈം സ്‌ക്വാഡിനെ ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ചുമതലപ്പെടുത്തി. തുടര്‍ന്ന് നഗരത്തില്‍ രാത്രി സഞ്ചാരത്തിനിറങ്ങുന്ന ചെറുതും വലുതുമായ നിരവധി സംഘങ്ങളെ സിറ്റി ക്രൈം സ്‌ക്വാഡ് രഹസ്യമായി നിരീക്ഷിച്ചപ്പോഴാണ് അര്‍ഫാന്‍ എന്ന മുന്‍ കുറ്റവാളിയുടെ നേതൃത്വത്തില്‍ കത്തിയുമായി ഒരു സംഘം നഗരത്തില്‍ രാത്രികാലങ്ങളില്‍ ഭീതി പരത്തി കറങ്ങുന്നതായി കണ്ടെത്തിയത്.
ബൈക്കിലും സ്‌കൂട്ടറിലും കാറിലുമൊക്കെ ഈ സംഘം കറങ്ങാറുണ്ടെന്ന് വിവരം ലഭിച്ച സിറ്റി ക്രൈം സ്‌ക്വാഡ്, അര്‍ഫാന്റെ രഹസ്യ സങ്കേതങ്ങളും താവളങ്ങളും കണ്ടെത്തുകയായിരുന്നു. സ്ഥിരമായി ഒരേ സ്ഥലത്ത് തമ്പടിക്കാത്ത സംഘത്തെ കുടുക്കാന്‍ പലതവണ ശ്രമം നടത്തിയെങ്കിലും ഇന്നലെ രാത്രിയോടെയാണ് പിടികൂടാന്‍ സാധിച്ചത്.
ഇരുപത് വയസ്സുള്ള അര്‍ഫാനെതിരേ ഇരുപതിലധികം കേസുകള്‍ നിലവിലുണ്ട്. അജ്മല്‍ ബിലാല്‍ നിരവധി കേസുകളില്‍ അര്‍ഫാന്റെ കൂട്ടുപ്രതിയായിരുന്നു. മാത്തോട്ടം സ്വദേശി റോഷന്‍ അലി പന്നിയങ്കര പോലീസ് സ്റ്റേഷനില്‍ മയക്കുമരുന്ന് കേസില്‍ പ്രതിയാണ്. കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ ഫോണും പ്രതികള്‍ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു. മയക്കുമരുന്ന് വാങ്ങാന്‍ പണം കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ കവര്‍ച്ചയാണിത്.