Social MediaTRENDING

ഒരു വെറൈറ്റി പിടിച്ചതാ, പക്ഷേ ഫുഡ് ബ്ലോഗര്‍ക്ക് പണികിട്ടി, 15 ലക്ഷം രൂപ പിഴ; ബ്ലോഗര്‍ ചെയ്തത് പത്ത് വര്‍ഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റം! വ്യത്യസ്തതയ്ക്ക് വേണ്ടി എന്ത് സാഹസികതയും ചെയ്യുന്ന ബ്ലോഗര്‍മാര്‍ക്ക് ഇതൊരു പാഠം

സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ ലഭിക്കുന്നതിനായി പല കാര്യങ്ങളും ചെയ്യുന്നവരുണ്ട്. വീഡിയോകള്‍- റീല്‍സ് എന്നിവയാണ് മിക്കവരും ഇതിനായി ആശ്രയിക്കുന്ന മാര്‍ഗങ്ങള്‍. യാത്രകളെ കുറിച്ചോ, ഭക്ഷണത്തെ കുറിച്ചോ, അല്ലെങ്കില്‍ വീട്ടുവിശേഷങ്ങള്‍ തന്നെ ഇത്തരത്തില്‍ വീഡിയോകളായി തയ്യാറാക്കി മാര്‍ക്കറ്റിംഗ് ചെയ്യുന്നവരാണ് ഏറെ പേരും. എന്നാല്‍ ചിലപ്പോഴെങ്കിലും പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രമായി ഓടിനടക്കുന്ന ബ്ലോഗര്‍മാര്‍ അശ്രദ്ധ മൂലമോ അഹങ്കാരം കൊണ്ടോ എല്ലാം പല അബദ്ധത്തിലും ചെന്ന് ചാടാറുണ്ട്.

സമാനമായൊരു സംഭവമാണിപ്പോള്‍ ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ടിസി എന്നറിയപ്പെടുന്ന ജിൻ മോമോ എന്ന ഫുഡ് ബ്ലോഗര്‍ വ്യത്യസ്തതയ്ക്ക് വേണ്ടി വൈറ്റ് ഷാര്‍ക്ക് ഇനത്തില്‍ പെടുന്നൊരു സ്രാവിനെ പാചകം ചെയ്തതോടെ നിയമനടപടി നേരിട്ടിരിക്കുകയാണ്. സ്രാവിനെ ഓണ്‍ലൈനായിട്ടാണത്രേ ഇവര്‍ ഓര്‍ഡര്‍ ചെയ്തത്. ഈ ഓണ്‍ലൈൻ പ്ലാറ്റ്ഫോമിനെതിരെയും കച്ചവടക്കാര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. കൂട്ടത്തില്‍ ടിസിക്ക് 15 ലക്ഷം രൂപയുടെ പിഴയാണ് ചുമത്തിയിരിക്കുന്നത്.

2022 ജൂലൈയിലാണ് ടിസി സ്രാവിനെ പാചകം ചെയ്ത് കഴിക്കുന്ന വീഡിയോ പുറത്തുവിട്ടത്. ഇതിന് ശേഷം ഇവര്‍ വിവാദത്തിലാവുകയും ശേഷം നിയമനടപടി വരികയുമാണുണ്ടായത്. ഈ കേസില്‍ പിഴയടക്കാനുള്ള ഉത്തരവാണിപ്പോള്‍ വന്നിരിക്കുന്നത്. പത്ത് വര്‍ഷം വരെ ജയിലില്‍ കഴിയാൻ വകുപ്പുള്ള കുറ്റമാണ് ടിസി ചെയ്തിരിക്കുന്നതെന്നും എന്നാല്‍ പിഴയൊടുക്കി വിടുകയാണെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വീഡിയോയില്‍ ടിസി സ്രാവിനെ കീറിമുറിക്കുന്നതും ഇതിന്‍റെ തലയടക്കമുള്ള ഭാഗങ്ങള്‍ പാകം ചെയ്യുന്നതും ഇറച്ചിയെ കുറിച്ച് അഭിപ്രായം പങ്കുവയ്ക്കുന്നതുമെല്ലാം അടങ്ങിയിട്ടുണ്ടത്രേ. ഏതായാലും വ്യത്യസ്തതയ്ക്ക് വേണ്ടി പല സാഹസികതകളും ചെയ്യുന്ന ബ്ലോഗര്‍മാര്‍ക്ക് ഒരോര്‍മ്മപ്പെടുത്തല്‍ കൂടിയാവുകയാണ് ഈ സംഭവം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: