KeralaLIFENEWSTravel

‘അഴകോടെ ചുരം’; താമരശേരി ചുരത്തിൽ സഞ്ചാരികളുടെ വാഹനത്തിന് യൂസർ ഫീ ഈടാക്കാൻ തീരുമാനം, ശുചീകരണം ലക്ഷ്യം

താമരശ്ശേരി: താമരശേരി ചുരത്തിൽ സഞ്ചാരികളുടെ വാഹനത്തിന് യൂസർ ഫീ ഈടാക്കാൻ തീരുമാനം. താമരശ്ശേരി ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ‘അഴകോടെ ചുരം’ കാമ്പയിനിന്റെ ഭാഗമായി ചുരത്തില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്താനാണ് പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ നീക്കം. ചുരം വൃത്തിയായി സൂക്ഷിക്കാനും പ്രകൃതി ഭംഗി നിലനിർത്താനും ലക്ഷ്യമിട്ടാണിത്.

ചുരത്തില്‍ പ്രകൃതിഭംഗി ആസ്വദിക്കാനായി വാഹനങ്ങളില്‍ വന്നിറങ്ങുന്ന സഞ്ചാരികളില്‍നിന്ന് ഫെബ്രുവരി ഒന്ന് മുതല്‍ വാഹനമൊന്നിന് ഇരുപത് രൂപ ഈടാക്കും. ഇതിനായി വ്യൂപോയന്റിലും വിനോദ സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്ന ചുരത്തിലെ മറ്റു പ്രധാന ഭാഗങ്ങളിലും ഹരിതകര്‍മസേനാംഗങ്ങളെ ഗാര്‍ഡുമാരായി നിയോഗിക്കും. ഹരിതകര്‍മസേനാംഗങ്ങളുടെ നേതൃത്വത്തില്‍ ചുരം മാലിന്യമുക്തമാക്കുന്ന ശുചീകരണയജ്ഞത്തിന്റെ നടത്തിപ്പിനായി ഈ തുക വിനിയോഗിക്കും.

ജനകീയ പങ്കാളിത്തത്തോടെ ഫെബ്രുവരി 12-ന് ചുരം വീണ്ടും ശുചീകരിക്കാനും ചുരംമാലിന്യനിര്‍മാര്‍ജനത്തിന് വിശദമായ ഡി.പി.ആര്‍. തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ബീന തങ്കച്ചന്‍ അധ്യക്ഷയായ യോഗത്തിലാണ് തീരുമാനം. നിലവിൽ വാഗമൺ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളെയുമായി എത്തുന്ന വാഹനങ്ങളിൽ നിന്ന് യൂസർ ഫീസ് പിരിക്കുന്നുണ്ട്.

Back to top button
error: