KeralaNEWS

ജഡ്ജിയുടെ പേരിൽ കൈക്കൂലി , അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ ഉള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഡി.ജി.പിക്ക് കൈമാറി

   പീഡനക്കേസിലെ ജാമ്യാപേക്ഷയിൽ അനുകൂലവിധി സമ്പാദിക്കാൻ ഹൈക്കോടതി ജഡ്ജിക്കു കൈക്കൂലി നൽകാനെന്നു പറഞ്ഞ് സ്വന്തം കക്ഷിയായ സിനിമാനിർമാതാവിൽ നിന്നു 25 ലക്ഷം രൂപ കൈപ്പറ്റിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഉള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഡിജിപിക്ക് കൈമാറി. പ്രത്യേക ദൂതൻ വഴിയാണ് റിപ്പോർട്ട് കൈമാറിയത്. പ്രാഥമിക പരിശോധനയിൽ ആരോപണം ഗൗരവം ഉള്ളതാണെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. അഭിഭാഷകർ അടക്കം പതിനാലോളം പേരുടെ മൊഴികളാണ് അന്വേഷണറിപ്പോർട്ടിൽ ഉള്ളത്. ഒപ്പം ചില പ്രധാന രേഖകളും റിപ്പോർട്ടിലുണ്ട്. 25 ലക്ഷം രൂപ വാങ്ങിയത് അഭിഭാഷക ഫീസായിട്ടാണെന്നാണു സൈബിയുടെ മൊഴി. ഹൈക്കോടതി വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൈബിക്കെതിരെ കേസ് റജിസ്റ്റർ ചെയ്യണമെങ്കിൽ സിനിമാ നിർമാതാവിന്റെ മൊഴികളാണ് ഏറ്റവും നിർണായകം. സൈബി ജോസ് കിടങ്ങൂർ മറ്റു 2 ജഡ്‌ജിമാരുടെ പേരിലും കോഴ വാങ്ങിയതായി ഹൈക്കോടതി വിജിലൻസ്‌ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ഒരു ജഡ്‌ജിയുടെ പേരിൽ മാത്രം 50 ലക്ഷം രൂപ കൈപ്പറ്റിയെന്നും റിപ്പോർട്ടിലുണ്ട്.

ഇതിനിടെ ഇന്നലെ സൈബി ജോസ് ഹാജരായ രണ്ട് കേസുകളിൽ ഹൈക്കോടതി പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ചിരുന്നു

കേസിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഹൈക്കോടതി അഭിഭാഷക സംഘടനാ നേതാവ് സൈബി ജോസ്, പണം നൽകിയ കക്ഷിയായ സിനിമാ നിർമാതാവ്, സൈബിയുടെ ഒപ്പമുണ്ടായിരുന്ന അഭിഭാഷകർ എന്നിവരുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയ ശേഷമാണു കമ്മിഷണർ കെ.സേതുരാമൻ റിപ്പോർട്ട് തയാറാക്കിയത്.

Back to top button
error: