തിരുവനന്തപുരം: കാറില്‍നിന്നു മോഷ്ടിച്ച സ്റ്റീരിയോയുമായി വാഹന ഉടമയായ പോലീസുകാരന്റെ മുന്നില്‍ കള്ളന്‍ കുടുങ്ങി. ചലച്ചിത്രനടന്‍കൂടിയായ പോലീസുകാരന്‍ നാടകീയമായിട്ടാണ് കള്ളനെ കൈയോടെ പിടിച്ചത്. പട്ടം പ്ലാമൂട് റോഡിനു സമീപം വ്യാഴാഴ്ച വൈകീട്ട് ആറേകാലോടെയായിരുന്നു സംഭവം.
കണ്‍ട്രോള്‍ റൂമിലെ പോലീസുകാരനും ചലച്ചിത്രതാരവുമായ ജിബിന്‍ ഗോപിനാഥിന്റെ കാറില്‍നിന്നാണ് സ്റ്റീരിയോ മോഷ്ടിക്കാന്‍ ശ്രമിച്ചത്. മലയിന്‍കീഴ് വിളവൂര്‍ക്കല്‍ മടത്തോട്ടുവിള മഹേഷ് ഭവനില്‍നിന്ന് ആനയറ കടകംപള്ളി റോഡില്‍ സന്ധ്യാഭവനില്‍ താമസിക്കുന്ന നിതീഷ്(24) ആണ് പിടിയിലായത്. പ്രമുഖ കാര്‍ ഷോറൂമിലെ ജീവനക്കാരനാണ് നിതീഷ്. ഇയാളുടെ സഹോദരന്റെ ഓട്ടോയിലാണ് മോഷണത്തിന് എത്തിയത്.
മതില്‍ക്കെട്ടിനകത്തേക്ക് വണ്ടി കയറാത്തതിനാല്‍ പ്ലാമൂട് റോഡിനു സമീപത്തെ ഇടവഴിയിലാണ് ജിബിന്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത്. കുട്ടികള്‍ക്ക് ചോക്ലേറ്റ് വാങ്ങാനായി പുറത്തിറങ്ങി മുന്നോട്ടു നടക്കുമ്പോഴാണ് കാറിനെ മറയ്ക്കുന്ന തരത്തില്‍ ഓട്ടോ പാര്‍ക്ക് ചെയ്തത് കണ്ടത്. അടുത്തെത്തിയപ്പോള്‍ കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഒരാള്‍ ഇരിക്കുന്നതു കണ്ടു. മിനിറ്റുകള്‍ക്കുള്ളില്‍ കാറിന്റെ സ്റ്റീരിയോയും മോണിറ്ററും ക്യാമറയും അടക്കമുള്ള സാധനങ്ങള്‍ ഇളക്കിമാറ്റി അയാള്‍ പുറത്തിറങ്ങി. എന്താണെന്നു ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നായിരുന്നു മോഷ്ടാവിന്റെ മറുപടി. കാറിന്റെ ഉടമയാണ് ജിബിനെന്നത് ഇയാള്‍ക്കു മനസ്സിലായില്ല. ഇത് എന്തിനാണ് ഊരിയതെന്നു ചോദിച്ചപ്പോള്‍ മോഷ്ടിച്ചെടുത്ത സാധനങ്ങള്‍ ജിബിനെ ഏല്‍പ്പിച്ച് രക്ഷപ്പെടാനായി ശ്രമം.
ഇതോടെ ജിബിന്‍ മോഷ്ടാവിനെ പിടികൂടി. നാട്ടുകാരെയും കൂട്ടി. തുടര്‍ന്ന് മ്യൂസിയം പോലീസെത്തി ഇയാളെ അറസ്റ്റുചെയ്തു. ഉപകരണങ്ങള്‍ക്ക് നാല്‍പ്പതിനായിരത്തോളം വിലവരും. മോഷ്ടാവില്‍നിന്നു പതിനായിരത്തോളം രൂപയും എ.ടി.എം. കാര്‍ഡുകളും പോലീസ് കണ്ടെടുത്തു. ഇയാള്‍ സമാനമായ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നും മ്യൂസിയം പോലീസ് അന്വേഷിച്ചുവരികയാണ്.