അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ സി.പി.എം എം.എല്‍.എ മൊബോഷര്‍ അലി ബി.ജെ.പിയില്‍ ചേര്‍ന്നു. കൈലാസഹര്‍മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് അലി.
കൂടാതെ കോണ്‍ഗ്രസിന്റെ മുന്‍ എം.എല്‍.എ സുപാല്‍ ബൗമിക്കും ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് എത്തിയാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്. ഇരുവരും നിയമസഭാ തെരഞ്ഞടുപ്പില്‍ എം.എല്‍.പി സ്ഥാനാര്‍ഥികളായേക്കും. മൊബോഷറിന്റെ മണ്ഡലം സി.പി.എം ഇത്തവണ കോണ്‍ഗ്രസിന് നല്‍കിയിരുന്നു. ഇതിലുള്ള അതൃപ്തിയാണ് സി.പി.എം വിടാനുള്ള കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തെരഞ്ഞടുപ്പിന് മുന്നോടിയായി ഇനിയും ചില നേതാക്കള്‍ ബി.ജെ.പിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബദ്ധവൈരികളായ സി.പി.എമ്മും കോണ്‍ഗ്രസും ഇത്തവണ ഒറ്റക്കെട്ടായാണ് മത്സരിക്കുന്നത്. 47 മണ്ഡലങ്ങളില്‍ സി.പി.എമ്മും 13 ഇടത്ത് കോണ്‍ഗ്രസുമാണ്.
നാല് തവണ മുഖ്യമന്ത്രിയായ, സി.പി.എം പി.ബി അംഗവുമായ മണിക് സര്‍ക്കാര്‍, മുതിര്‍ന്ന നേതാവ് ബാധല്‍ ചൗധരി, മൂന്ന് മുന്‍ മന്ത്രിമാര്‍ എന്നിവര്‍ ഇക്കുറി മത്സരിക്കുന്നില്ല. ആവശ്യപ്പെട്ടതിലും കുറഞ്ഞ സീറ്റുകള്‍ മാത്രം നല്‍കിയ സി.പി.എം നടപടിയില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിയുണ്ട്.