Social MediaTRENDING

‘എവിടെടാ നിന്റെ മുതലാളി’, മദ്യമാഫിയ തലവനെ കണ്ടെത്താൻ തത്തയെ ചോദ്യം ചെയ്ത് പൊലീസ്! മൊതലാളിയെക്കുറിച്ച് തലങ്ങും വിലങ്ങും ചോദിച്ചിട്ടും വിശ്വസ്തനായ തത്ത ഒന്നും പറഞ്ഞില്ല – വീഡിയോ

പാറ്റ്ന: മദ്യമാഫിയ തലവനെ കണ്ടെത്താൻ തത്തയെ ചോദ്യം ചെയ്ത് ഗയ പൊലീസ്. മദ്യ മാഫിയ നേതാവ് എവിടെയാണെന്നോ ഇയാളുടെ കേന്ദ്രങ്ങൾ എവിടെയൊക്കെയാണെന്നോ അറിയാനായിരുന്നു പൊലീസിന്റെ ശ്രമം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചൊവ്വാഴ്ചയാണ് ഗുരുവ പൊലീസ് സ്റ്റേഷനിലെ ഒരു സംഘം എസ്ഐ കനയ്യ കുമാറിന്റെ നേതൃത്വത്തിൽ അമൃത് മല്ലയെ അറസ്റ്റ് ചെയ്യാൻ ഇയാളുടെ വീട്ടിലെത്തിയത്. എന്നാൽ പൊലീസ് എത്തുമ്പോഴേക്കും അമൃത് മല്ലയും കുടുംബവും ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.

എന്നാൽ അമൃത് വളർത്തുന്ന തത്തയുടെ കരച്ചിൽ പൊലീസ് സംഘത്തിന്റെ ശ്രദ്ധയിൽപെട്ടു. കുടുംബം ഒളിവിൽ പോയ ആ വീട്ടിൽ ബാക്കിയായ തത്തയോട് സംസാരിക്കാമെന്ന് പൊലീസുകാരന് തോന്നി. തുടർന്നാണ് പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമോ എന്നറിയാൻ പൊലീസ് തത്തയെ ചോദ്യം ചെയ്തത്. പൊലീസുകാരൻ തന്റെ ഉടമ എവിടെയെന്നായിരുന്നു തത്തയോട് ചോദിച്ചത്. ‘അമൃത് മല്ല എവിടെ പോയി ?, നിന്റെ ഉടമസ്ഥൻ എവിടെ, അവർ നിന്നെ വീട്ടിൽ തനിച്ചാക്കിയോ’ എന്നിങ്ങനെയാണ് തത്തയോട് കനയ്യ കുമാർ പറയുന്നത്. ദൃശ്യങ്ങളിൽ ഇതെല്ലാം വ്യക്തമാണ്. കുറച്ച് നേരം നിശ്ശബ്ദത പാലിച്ചെങ്കിലും പിന്നെ തത്ത ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഉടമയെ കുറിച്ച് ചോദിച്ചപ്പോഴെല്ലാം മൗനമായിരുന്നു തത്തയുടെ മറുപടി.

തത്ത പറയുന്നത് മനസിലാക്കാൻ കഴിയുമെന്നും എന്തെങ്കിലും തുമ്പിനായാണ് തത്തയെ ചോദ്യം ചെയ്തതെന്നും പൊലീസ് അറിയിച്ചു. എന്നാൽ തത്തയിൽ നിന്ന് യാതൊരു വിവരവും ലഭിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്തായാലും മദ്യ നിരോധനം നിലവിലുള്ള ബിഹാറിൽ മദ്യക്കടത്ത് തടയാൻ കർശന നിർദേശമുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിൽ 2.54 ലക്ഷം ആളുകളാണ് മദ്യക്കടത്തിന് പൊലീസ് പിടിയിലായത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: