തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരുക്കേൽപിച്ചു. പൂവച്ചലിലാണു സംഭവം.ഉണ്ടപ്പാറ സ്വദേശി ഫറൂഖിനാണ് വെട്ടേറ്റത്. പത്തുപേരടങ്ങിയ സംഘമാണ് ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. അക്രമികളുടെ കൈയില്‍ നിന്ന് നഷ്ടമായ വാള്‍ പൊലീസ് കണ്ടെടുത്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുടുംബവഴക്കിനിടെയാണ് സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈക്കിലെത്തിയ സംഘമാണ് വീട്ടില്‍ നിന്നും വിളിച്ചിറക്കി ഫറൂഖിനെ വെട്ടിയത്. സംഭവത്തില്‍ കാട്ടാക്കട പൊലീസ് അന്വേഷണം തുടങ്ങി. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഫറൂഖിനെ ആക്രമിച്ചത് സഹോദരിയുടെ മകനും സുഹൃത്തുക്കളും ചേര്‍ന്നാണ് എന്നാണ് വിവരം.
അതേസമയം, തിരുവനന്തപുരത്ത് ഗുണ്ടാ – റിയൽ എസ്റ്റേറ്റ് സംഘങ്ങളുമായി ബന്ധമുണ്ടന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടങ്ങിയിരുന്നു. മൂന്ന് ഇൻസ്പെക്ടർമാരെയും ഒരു എസ്ഐയെയും സസ്പെൻഡ് ചെയ്തു. മംഗലപുരം ഇൻസ്പെകടർ സജേഷ്, പേട്ട ഇൻസ്പെക്ടർ റിയാസ് രാജ, ചേരന്നല്ലൂർ ഇൻസ്പെക്ടർ വിപിൻ കുമാർ, തിരുവല്ലം എസ്ഐ സതീഷ്കുമാർ എന്നിവരെയാണ് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്. ഇതോടെ സസ്പെൻഷനിൽ ആയവരുടെ എണ്ണം അഞ്ചായി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാറാണ് ആരോപണ വിധേയരെ സസ്പെൻഡ് ചെയ്തത്. നേരത്തെ, ഗുണ്ടാ – റിയൽ എസ്റ്റേറ്റ് സംഘങ്ങളുമായി ബന്ധമുണ്ടന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ റെയിൽവെ പൊലീസ് ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. തിരുവനന്തപുരത്തെ ഗുണ്ടാ ബന്ധം സംബന്ധിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വരുമെന്നാണ് വിവരം.
പൊലീസുകാരുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എസ്ഐ, ഇൻസ്പെക്ടർ, ഡിവൈഎസ്‌പി റാങ്കിലുള്ളവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസുകാരുടെ ഗുണ്ടാ ബന്ധത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ തലസ്ഥാനത്ത് നടന്നത് അമ്പരിപ്പിക്കുന്ന അക്രമസംഭവങ്ങളായിരുന്നു ഒരിടവേളയ്ക്ക് ശേഷം സജീവമായ രണ്ട് ഗുണ്ടാനേതാക്കളെ പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.