KeralaNEWS

കോഴിക്കോട് തെരുവുനായ ആക്രമണം; രണ്ടുവയസ്സുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കടിയേറ്റു

കോഴിക്കോട്: പയ്യനക്കലില്‍ രണ്ട് വയസ്സുള്ള കുട്ടിയടക്കം നാലുപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അംഗനവാടിയില്‍ നിന്ന് അമ്മയോടൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രണ്ടു വയസ്സുകാരനെ നായ ആക്രമിച്ചത്. രക്ഷിക്കാൻ ശ്രമിച്ചവരെയും നായ ആക്രമിച്ചു.

അംഗൻവാടിയിൽ നിന്ന് രണ്ട് വയസ്സുളള മകൻ ജബ്ബാറിനെയും കൂട്ടി വീട്ടിലേക്ക് വന്നതാണ് ജുബാരിയ. വഴിമധ്യേ ഇവരെ തെരുവ് നായ ആക്രമിച്ചു. കടിയേറ്റ കുട്ടിയുടെ കാലിൽ ഗുരുതരമായി മുറിവേറ്റു. ജുബാരിയയ്ക്കും ദേഹമാസകലം കടിയേറ്റിട്ടുണ്ട്. അമ്മയെയും കുഞ്ഞിനെയും നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ചതാണ് അബ്ദുൾ ഖയൂമും സുഹ്റയും. ഇവരെയും നായ കടിച്ചുകീറി. പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, സംസ്ഥാനത്ത് തെരുവുനായ ശല്യം കുറയ്ക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതികൾ ഫലപ്രദമാകാത്തത് ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയാകുന്നു. കഴി‌ഞ്ഞവർഷം ഒക്ടോബർ വരെ ആകെ വന്ധ്യംകരിച്ചത് 9001 തെരുവുനായകളെ മാത്രം. നഗരങ്ങളും ഗ്രാമങ്ങളും റെയിൽവേ സ്റ്റേഷനുകളും ആശുപത്രി പരിസരവും ബസ് സ്റ്റാൻഡുകളുമെല്ലാം ഇപ്പോഴും നായകളുടെ വിഹാരകേന്ദ്രങ്ങൾ തന്നെയാണ്. എന്നാൽ വന്ധ്യംകരണം നടത്താനായി പിടിക്കുന്ന നായകളെ അഞ്ച് ദിവസങ്ങൾക്ക് ശേഷം അതേസ്ഥലത്ത് തിരികെ വിടണമെന്നതുകൊണ്ടാണ് ഇവിടങ്ങളിൽ നായകളെ കാണുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം തെരുവുനായകളെ പാർപ്പിക്കാൻ പ‌ഞ്ചായത്ത് അടിസ്ഥാനത്തിൽ ഒരു ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം എന്തായി എന്ന ചോദ്യത്തിന് ഉത്തരമില്ല.

2019 ലെ സെൻസസ് പ്രകാരം 2,89,986 തെരുവുനായ്ക്കളാണ് സംസ്ഥാനത്തുള്ളത്. 2022 ആകുമ്പോഴേക്കും നാലര ലക്ഷത്തോളമാകാൻ സാധ്യതയുണ്ടെന്നും അന്ന് പറഞ്ഞിരുന്നു. 2017 മുതൽ 2021 വരെ കുടുംബശ്രീ മുഖേന 79,426 തെരുവു നായ്ക്കളെ വന്ധ്യംകരിച്ചിരുന്നു. എന്നാൽ ആവശ്യത്തിന് നായ പിടിത്തുക്കാരെ കിട്ടാത്തതും കുടുംബശ്രീ മുഖേനയുള്ള ആനിമൽ ബർത്ത് കൺട്രോൾ പ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞതും പദ്ധതിയുടെ പ്രവർത്തനത്തെ പിന്നോട്ടടിച്ചു. നായകളെ വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിച്ചാൽ നായയ്ക്ക് ഒന്നിന് 500 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടും പദ്ധതി പാളി.

 

Back to top button
error: