കോട്ടയം: മീനടത്ത് മാതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റിലായി. മീനടം മാത്തൂര്‍പ്പടി തെക്കയില്‍ കൊച്ചുമോനെ(48)യാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പതിവായ മദ്യപിച്ച് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇയാള്‍ മാതാവിനെ മര്‍ദിക്കുന്നതിന്റേയും പിതാവിനെ അസഭ്യം പറയുന്നതിന്റേയും ദൃശ്യം പുറത്തുവന്നു. മുറിയില്‍ അടുത്തടുത്തായി കിടക്കുന്ന മാതാപിതാക്കളോട് അസഭ്യം പറയുകയും മാതാവിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയുമായിരുന്നു. തുടര്‍ന്ന് മര്‍ദിച്ചു. മകന്റെ മര്‍ദനത്തിനെതിരെ മാതാവ് അലമുറയിട്ട് കരയുന്നത് ദൃശ്യങ്ങളിലുണ്ട്.
കൊച്ചുമോന്റെ ഭാര്യ തന്നെയാണ് ദൃശ്യം പകര്‍ത്തിയത്. തുടര്‍ന്ന് ഇത് പഞ്ചായത്ത് അംഗത്തിന് അയച്ചു കൊടുത്തു. ഇദ്ദേഹമാണ് പോലീസിനെ സമീപിച്ചത്. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പാമ്പാടി പോലീസ് കേസെടുത്തത്. ബാറില്‍ മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴാണ് പോലീസ് കൊച്ചുമോനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.