അഗർത്തല: ബി.ജെ.പി ഭരണം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ത്രിപുരയിൽ ഒന്നിച്ചു മത്സരിക്കാൻ സി.പി.എമ്മും കോൺഗ്രസും. ഇടതു പാർട്ടികളും കോൺഗ്രസും സീറ്റ് വിഭജനവും പൂർത്തിയാക്കി. സി പി എം 43 സീറ്റിലും കോൺഗ്രസ് 13 സീറ്റിലും മത്സരിക്കും. ആകെ 60 സീറ്റുകളിലേക്കാണ് മത്സരം. അവശേഷിക്കുന്ന നാല് സീറ്റുകളിൽ ഒരിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയെ ഇടതുപക്ഷം നിർത്തും. ബാക്കിയുള്ള മൂന്നിടത്ത് സിപിഐ, ഫോർവേഡ് ബ്ലോക്, ആർഎസ്‌പി എന്നീ പാർട്ടികൾ മത്സരിക്കും.
ദീർഘകാലം സംസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്ന സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാർ ഇത്തവണ മത്സരിക്കില്ലെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടികയിൽ 24 പേർ പുതുമുഖങ്ങളാണ്. അതേസമയം ഇടത് പാർട്ടികളും കോൺഗ്രസും പരസ്പര ധാരണയോടെ മത്സരിക്കുമ്പോൾ സംസ്ഥാനത്ത് തിപ്ര മോത പാർട്ടിയുമായി ഇവർ യാതൊരു ധാരണയും പുലർത്തില്ല.
മണിക് സർക്കാർ സ്ഥിരമായി മത്സരിച്ച് ജയിച്ചിരുന്ന ധാൻപൂർ നിയമസഭാ സീറ്റിൽ ഇത്തവണ സിപിഎമ്മിന്റെ പുതുമുഖ സ്ഥാനാർത്ഥി കൗശിക് ചന്ദ മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയ സി.പി.എമ്മിനും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിഴൽ മാത്രമായി മാറിയ കോൺഗ്രസിനും ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്.