ഈരാറ്റുപേട്ട: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ 100 ദിന കർമ പരിപാടിയുടെ ഭാഗമായാണ് ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. പ്രകൃതിദുരന്തങ്ങൾ അടിക്കടി നാശം വിതയ്ക്കുന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പുതുതലമുറയ്ക്ക് കാലാവസ്ഥയുടെ വ്യതിയാനങ്ങൾ സംബന്ധിച്ച അവബോധം ഉണ്ടാക്കുന്നതിനും പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള അറിവുകൾ നൽകുന്നതിനുമായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ വിദ്യാലയങ്ങളിൽ സ്ഥാപിക്കുന്നത്.
ഭൂമിശാസ്ത്രം അധ്യാപകർക്കാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ ചുമതല. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുണ്ടക്കയം മുരിക്കുംവയൽ സർക്കാർ വൊക്കഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. മഴയുടെ തോത് അളക്കാൻ ഉപയോഗിക്കുന്ന നോൺ റെക്കോർഡിങ് മഴ മാപിനി, കാറ്റിന്റെ വേഗത അളക്കാൻ ഉപയോഗിക്കുന്ന കപ്പ് കൗണ്ടർ അനിമോ മീറ്റർ, ആപേക്ഷിക ആർദ്രത അളക്കാൻ ഉപയോഗിക്കുന്ന വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, ഒരു പ്രദേശത്തിന്റെ കുറഞ്ഞ താപനിലയും കൂടിയ താപനിലയും അളക്കാൻ ഉപയോഗിക്കുന്ന സിക്സ് മാക്സിമം ആന്റ് മിനിമം തെർമോമീറ്റർ, ഇവ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന സ്റ്റീഫൻ സൺസ്‌ക്രീൻ എന്നീ ഉപകരണങ്ങളുടെ സഹായത്തോടെ എല്ലാ ദിവസവും കാലാവസ്ഥ പരിശോധിച്ച് രേഖപ്പെടുത്തുകയും അറിയിപ്പ് നൽകുകയുമാണ് ചെയ്യുന്നത്.
എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, ഈരാറ്റുപേട്ട ബി.ആർ.സി. പ്രോജക്ട് ഓഫീസർ ബിൻസ് ജോസഫ്, പ്രിൻസിപ്പൽ ടി.എസ്. ഷൈജു, ഭൂമിശാസ്ത്രം അധ്യാപിക ഷെറിൻ സി. ദാസ്, പി.ടി.എ പ്രസിഡന്റ് അനസ് പാറയിൽ എന്നിവർ പങ്കെടുത്തു.