ബെംഗലൂരു: ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ഇന്നാണ് റിലീസ് ആയത്. രാജ്യത്താകെ 5000 ത്തോളം സ്ക്രീനിലാണ് ചിത്രം ആദ്യ ദിനം പ്രദര്‍ശിപ്പിക്കുന്നത്. അതേ സമയം ചിത്രത്തിനെതിരെ ചില സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. കർണാടക, ബിഹാർ, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽ പ്രതിഷേധം നടന്നുവെന്നാണ് വിവരം. ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ ‘ബോയിക്കോട്ട് പഠാന്‍’ പോസ്റ്ററുകൾ പിടിച്ച ഒരു വിഭാഗം തീയറ്ററുകളിൽ നിന്ന് സിനിമയുടെ ബാനറുകൾ വലിച്ചുകീറി. പോസ്റ്ററുകളില്‍ കരിഓയില്‍ ഒഴിച്ചു. ആഗ്രയിലെ രകബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഈ സംഭവത്തില്‍ ആറു പേർക്കെതിരെ കേസെടുത്തതായി രകബ്ഗഞ്ച് എസ്എച്ച്ഒ പ്രദീപ് കുമാർ അറിയിച്ചു.
#WATCH | Karnataka: VHP (Vishwa Hindu Parishad) supporters protest against the release of Shah Rukh Khan's movie 'Pathaan' in Bangalore, burn posters pic.twitter.com/K5L2xB4xBl
— ANI (@ANI) January 25, 2023
കർണാടകയിലെ വിഎച്ച്പി (വിശ്വഹിന്ദു പരിഷത്ത്) അനുഭാവികൾ ചിത്രത്തിന്‍റെ പോസ്റ്ററുകൾ കീറിയും കത്തിച്ചും പ്രതിഷേധിക്കുന്നതിന്‍റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേ സമയം പ്രതിഷേധത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി മഹാരാഷ്ട്രയിലെ വിഎച്ച്പി നേതൃത്വം അറിയിച്ചു. സിനിമയില്‍ അണിയറക്കാര്‍ മാറ്റങ്ങള്‍ വരുത്തിയതിനെ തുടര്‍ന്നാണ് ഇതെന്നാണ് മഹാരാഷ്ട്രയിലെ വിഎച്ച്പി നേതൃത്വം പറയുന്നത്. പഠാന്‍ സിനിമയോട് ഗുജറാത്തില്‍ ഇപ്പോള്‍ എതിര്‍പ്പുകള്‍ ഒന്നുമില്ലെന്ന് ഹൈന്ദവ സംഘടനയായ ബജ്രംഗ്ദൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേ സമയം ചിത്രത്തിനെ എതിര്‍ക്കില്ലെന്നാണ് വിഎച്ച്പിയുടെ ഗുജറാത്ത് മേധാവി അശോക് റാവല്‍ പറയുന്നത്.
“ബജ്രംഗ്ദൾ ഹിന്ദിചിത്രമായ പഠാനെതിരെ പ്രക്ഷോഭവുമായി രംഗത്ത് എത്തിയതോടെ. സെന്‍സര്‍ ബോര്‍ഡ് സിനിമയിലെ മോശം വരികളും, വാക്കുകളും നീക്കം ചെയ്തു. അത് നല്ല വാര്‍ത്തയാണ്. നമ്മുടെ സംസ്കാരവും മതവും സംരക്ഷിക്കാന്‍ നടത്തിയ ഈ പോരാട്ടത്തില്‍ ഒപ്പം നിന്ന പ്രവര്‍ത്തകര്‍ക്കും, ഹൈന്ദവ സമൂഹത്തെയും ഈ വിജയത്തില്‍ അഭിനന്ദനം അറിയിക്കുന്നു – വിഎച്ച്പിയുടെ ഗുജറാത്ത് മേധാവി അശോക് റാവല്‍ പറഞ്ഞു. ഈ മാസം ആദ്യം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) പഠാന്‍ സിനിമയിലെ ബേഷാരം രംഗ് എന്ന ഗാനത്തിലെ ചില വരികള്‍ ഉള്‍പ്പടെ 10 ലധികം മാറ്റങ്ങള്‍ പഠാന്‍ സിനിമയില്‍ നിർദ്ദേശിച്ചിരുന്നു. എന്നിരുന്നാലും, ദീപികയുടെ ഏറെ വിവാദമായ ഓറഞ്ച് വസ്ത്രം പഠാന്‍ സിനിമയുടെ ഭാഗമായി തുടരുമെന്ന് സിബിഎഫ്‌സി അറിയിച്ചു.
ബേഷാരം രംഗ് എന്ന ആദ്യ ഗാനം ഇറങ്ങിയതു മുതൽ ഷാരൂഖ് ഖാന്‍ ദീപിക പാദുകോണ്‍ എന്നിവര്‍ അഭിനയിച്ച പഠാന്‍ വാർത്തകളിൽ നിറഞ്ഞിരുന്നു. ഗാനത്തിലെ ദീപികയുടെ ഓറഞ്ച് ബിക്കിനിയിൽ എത്തിയതിനെതിരെയാണ് ഒരു വിഭാഗം രംഗത്ത് എത്തിയത്. ഗുജറാത്തില്‍ ബജ്‌റംഗ്ദൾ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും സിനിമയുടെ പോസ്റ്ററുകളും ബാനറുകളും കത്തിക്കുകയും ചെയ്തിരുന്നു. അതേ സമയം ഈ ചിത്രം തീയറ്ററില്‍ കാണണോ, വേണ്ടയോ എന്നത് പ്രവര്‍ത്തകരുടെ ഇഷ്ടമാണെന്നും വിഎച്ച്പിയും ബജ്രംഗ്ദളും പറയുന്നുണ്ട്. സിനിമ എടുക്കുന്നവരും, തീയറ്ററുടമകളും ചലച്ചിത്രങ്ങളിലെ മത വികാരത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.