ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ രാത്രി വിവാദ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനിരിക്കെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇന്നലെ വൈകിട്ട് 9 മണിക്ക് പ്രദര്‍ശിപ്പിക്കാനായിരുന്നു വിദ്യാര്‍ഥി യൂണിയന്റെ തീരുമാനം. യൂണിയന്‍ ഓഫിസിലേക്കുള്ള വൈദ്യുതി ബന്ധമാണ് വിച്ഛേദിക്കപ്പെട്ടത്.
അതേസമയം, പ്രതിഷേധ സ്ഥലത്തേക്ക് കല്ലേറുണ്ടായി. എ.ബി.വി.പി പ്രവര്‍ത്തകരാണ് കല്ല് എറിഞ്ഞതെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. കല്ലെറിഞ്ഞ വിദ്യാര്‍ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. വിദ്യാര്‍ഥികള്‍ ക്യാംപസ് കവാടത്തില്‍ നടത്തിയ പ്രതിഷേധം രാത്രി വൈകിയും തുടര്‍ന്നു.
പ്രദര്‍ശനം നിശ്ചയിച്ചിരുന്ന കമ്യൂണിറ്റി സെന്ററില്‍ മഫ്തിയില്‍ പോലീസിനെ വിന്യസിച്ചിരുന്നു. കനത്ത പരിശോധനയ്ക്കുശേഷമാണ് സര്‍വകലാശാലയിലേക്ക് ആളുകളെ കയറ്റിവിടുന്നത്. എന്നാല്‍, വൈദ്യുതി പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കൂട്ടമായി ഇരുന്ന് മൊബൈല്‍ ഫോണുകളില്‍ ഡോക്യുമെന്ററി കണ്ടു.
നേരത്തേ, ജെ.എന്‍.യുവില്‍ പ്രദര്‍ശിപ്പിക്കുന്നതിന് സര്‍വകലാശാലയുടെ അനുമതി ലഭിച്ചിരുന്നില്ല. പ്രദര്‍ശനം നടത്തിയാല്‍ ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.